മാസപ്പടിക്കേസില്‍ ഹവാല ഇടപാടിന് തെളിവ് ലഭിച്ചതായി ഇ.ഡി

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ ഹവാല ഇടപാടിന് തെളിവ് ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസില്‍ ടി. വീണയുടെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എംഎല്‍എയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമടക്കം കഴിഞ്ഞദിവസം ഒന്‍പത് ഇടങ്ങളില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍, ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിനു തെളിവു ലഭിച്ചതായി ഇ.ഡി. റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 20.5 കോടിയുടെ ഇടപാട് നടന്നെന്നാണു വിവരം.
മേയ് 27 ന് നടത്തിയ റെയ്ഡില്‍, വീണയുടെ കൈപ്പടയിലുള്ള ചില രേഖകള്‍ പിടിച്ചെടുത്തിരുന്നു. അതില്‍ ചില വ്യക്തികളുടെ പേരും അവരുമായി നടത്തിയ പണമിടപാടുകളും ദുബായിലേക്കുള്ള പണമിടപാടും അടക്കമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ദിര്‍ഹത്തിലും രൂപയിലുമാണ് ഇടപാടു രേഖപ്പെടുത്തിയിരുന്നത്. 3.49 ലക്ഷം ദിര്‍ഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്കു കൈമാറിയിട്ടുണ്ടെന്നാണ് രേഖയിലുള്ളത്. ടി.വീണയില്‍നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ഒരു സിം കാര്‍ഡിന്റെ ചിത്രവുമുണ്ട്. മറ്റൊരു വ്യക്തിയുടെ പേരില്‍ എടുത്ത ഈ സിം വൈഫൈ റൂട്ടറിനായാണ് ഉപയോഗിച്ചിരുന്നത്. ഈ സിം ഇന്റര്‍നെറ്റ് കോളുകള്‍ക്കായാണ് ഉപയോഗിച്ചതെന്ന് സംശയിക്കുന്നുവെന്നും ഇ.ഡി. പത്രക്കുറിപ്പില്‍ പറയുന്നു.
മേയ് 27 ന് നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത വീണയുടെ ഡയറിയില്‍ പരാമര്‍ശിക്കപ്പെട്ടവരുടെയും വീണയ്ക്ക് സിം കാര്‍ഡ് നല്‍കിയ വ്യക്തിയുടെയും ഉള്‍പ്പെടെയുള്ളവരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയതെന്ന് ഇ.ഡി. പറയുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.നിഖിലിന്റെ ഫ്‌ലാറ്റ്, കെസികെ ഡെന്റല്‍ ഉടമയും റിയാസിന്റെ സഹപാഠിയുമായ ഷൈജലിന്റെ അപ്പാര്‍ട്‌മെന്റ്, കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍(ഡിടിപിസി) ഡെസ്റ്റിനേഷന്‍ കോഓര്‍ഡിനേറ്റര്‍ ആയ എന്‍. നന്ദുലാലിന്റെ വീട് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് ഇടത്താണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് ഇ.ഡി പരിശോധന നടത്തിയതെന്നാണു വിവരം. കണ്ടുകെട്ടിയ വസ്തുക്കളില്‍നിന്ന്, വരുമാനത്തില്‍ കവിഞ്ഞ പണം ടി.വീണ കൈകാര്യം ചെയ്തിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും ഇ.ഡി.പറയുന്നു.
https://www.facebook.com/Malayalivartha
























