മധുവിധു ആഘോഷത്തിനിടെ കൊലപാതകം: സോനവും 21 കാരനും തമ്മില്‍ രണ്ട് വര്‍ഷത്തെ പരിചയം

മധുവിധു ആഘോഷത്തിനിടെ രാജ രഘുവംശിയെ കൊലപ്പെടുത്താന്‍ 21 കാരനായ രാജ് കുശ്വാഹ പദ്ധതിയിട്ടത് സോനത്തിന്റെ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണെന്ന് മധ്യപ്രദേശ് പൊലീസ് ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ രഘുവംശിയുടെ ഭാര്യ സോനത്തിന്റെ സഹായത്തോടെ കുഷ്വാഹ കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
സോനവും രാജയും മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ, രാജയെ കൊല്ലാനായി അക്രമികള്‍ അവിടെ എത്തി. അവര്‍ക്ക് ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കിയത് സോനമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദമ്പതികളെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തുന്ന സമയത്ത് കുശ്‌വാഹ ഇന്‍ഡോറില്‍ തന്നെ താമസിച്ചു. സോനത്തിന്റെ കുടുംബവീട്ടിലും ഇടയ്ക്ക് വന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജയുടെ മൃതദേഹം കണ്ടെത്തുകയും ഇന്‍ഡോറില്‍ എത്തിച്ച് അന്ത്യകര്‍മങ്ങള്‍ നടക്കുന്നതിനിടെ കുശ്വാഹയെ സോനത്തിന്റെ പിതാവ് ദേവി സിങ്ങിനൊപ്പം കണ്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
''ജനവാസമില്ലാത്ത സ്ഥലത്ത് വെച്ച് രാജയെ കൊലപ്പെടുത്തി മൃതദേഹം ആര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നത്. കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളില്‍ അവര്‍ (കുഷ്വാഹയും സോനവും) നിരന്തരം ബന്ധപ്പെട്ടിരുന്നു, ഇതാണ് സംശയത്തിന് ഇടയാക്കിയത്, 'ഒരു മുതിര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സോനത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് നിര്‍മ്മാണ യൂണിറ്റിലെ ബില്ലിംഗ് വിഭാഗത്തിലാണ് കുശ്വാഹ ജോലി ചെയ്തിരുന്നത്. കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം സോനം അവിടെ എച്ച്ആര്‍ വിഭാഗത്തില്‍ ജോലിക്ക് പ്രവേശിച്ചു. ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് അവര്‍ കണ്ടുമുട്ടിയത്. പിന്നീട് പരസ്പരം അടുക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോനത്തിന്റെ വീടിന് അടുത്തായാണ് കുശ്വാഹ താമസിച്ചിരുന്നത്, എന്നാല്‍, അടുത്തിടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ താമസിച്ചിരുന്ന നന്ദ്ബാഗ് പ്രദേശത്തേക്ക് താമസം മാറി.
മറ്റ് മൂന്ന് പ്രതികളായ വിശാല്‍ ചൗഹാന്‍, ആകാശ് രജ്പുത്, ആനന്ദ് കുര്‍മി എന്നിവരെ കുശ്വാഹ വാടകയ്‌ക്കെടുത്തതാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് പേരും ട്രെയിനില്‍ ഗുവാഹത്തിയിലേക്ക് യാത്ര ചെയ്ത ശേഷം അവിടെ നിന്ന് മേഘാലയയിലേക്ക് പോയതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha