കോണ്‍ഗ്രസ് പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു,ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുമെന്നും ദേശീയ വിഷയങ്ങള്‍ക്കൊപ്പം പ്രാദേശിക വിഷയങ്ങള്‍ക്കും ഊന്നല്‍ നല്‍കുമെന്നും പ്രചരണ സമിതി കണ്‍വീനര്‍ ജയറാം രമേശ് പറഞ്ഞു.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക ഉണ്ടാക്കിയ സ്വാധീനമാണ് വിശദമായ ചര്‍ച്ചകളോടെ പ്രകടന പത്രിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ കളംമാറ്റി ചവിട്ടാനൊരുങ്ങുകയാണ്. ജനങ്ങളുടെ അഭിപ്രായം തേടി തെരഞ്ഞെടുപ്പ് പത്രികയ്ക്ക് രൂപം നല്‍കുന്ന തന്ത്രം കോണ്‍ഗ്രസും ഏറ്റെടുക്കുകയാണ്.
പ്രകടന പത്രികാ കണ്‍വീനര്‍ ജയറാം രമേഷ്, അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് പ്രകടന പത്രികയില്‍ ഊന്നല്‍ നല്‍കുമെന്ന് ജയറാം രമേഷ് പറഞ്ഞു. ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് വെബ്‌സൈറ്റില്‍ ഇതുവരെ 9000ത്തില്‍ അധികം നിര്‍ദേശങ്ങള്‍ ലഭിച്ചതായും പൊതുജനാഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഫെബ്രുവരി മാസത്തില്‍ പത്രിക പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജയറാം രമേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha