ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും നടന്നപ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനം ശക്തം; തിരുവനന്തപുരം നഗരസഭ കാവിക്കൊടി പാറിക്കും? 100ല്‍ 70 മാര്‍ക്കുമായി ബിജെപി; തലസ്ഥാനത്ത് സിപിഎം ഇല്ലാതാകുമോ?

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും നടന്നപ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്. എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പ്രധാനമായി ചര്‍ച്ചയായത് നഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്. അതിന് വഴിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നഗരകേന്ദ്രങ്ങളില്‍ ബിജെപി നടത്തിയ മുന്നേറ്റം, രണ്ട് മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറോട് കാണിച്ച ഷോ.
നിയമംപാലിക്കേണ്ട രണ്ട് ജനപ്രതിനിധികള്‍ അത് കയ്യിലെടുക്കുന്ന അവസ്ഥയിലെത്തി. ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കണ്ടെത്തിയിരന്നെങ്കില്‍ സര്‍വ്വതും കുളമായേനെ എന്നാണ് ഒരു ജില്ലാ കമ്മിറ്റി അംഗം ചൂണ്ടിക്കാണിച്ചത്. നഗരസഭ രൂപീകരിച്ചത് മുതല്‍ സിപിഎമ്മാണ് ഭരിക്കുന്നത്. ഇതുവരെ ഒരു മേയറും ഉണ്ടാക്കാത്ത നാണക്കേടാണ് ആര്യ വരുത്തിവച്ചത്. പ്രാദേശിക തലങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തമാണ്. തലസ്ഥാനത്ത് സിപിഐ മത്സരിക്കുന്നത് കൊണ്ട് വലിയ പ്രാധാന്യം സിപിഐ കൊടുക്കാതിരിക്കുകയും തിരുവനന്തപുരത്തെ വോട്ടുകള്‍ ആറ്റിങ്ങലില്‍ ചേര്‍ക്കുകയും ചെയ്തതും വിനയായി എന്നും പലരും ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ തിരുവനന്തപുരം നഗരസഭയില്‍ 35 കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. 100 വാര്‍ഡുകളില്‍ 52 ഇടത്തും ഇടതുപക്ഷമാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ബാക്കിവരുന്ന സീറ്റുകളുമാണുള്ളത്. കോണ്‍ഗ്രസ് ഇനി രക്ഷപെടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. നഗരത്തിലെ പ്രധാന നേതാക്കളായ തമ്പാനൂര്‍ സതീഷ്, മഹേശ്വരന്‍ നായര്‍ തുടങ്ങിയവരെല്ലാം ബിജെപി പാളയത്തിലേക്ക് പോയി. സിപിഎമ്മിന്റെ കാര്യം അങ്ങനെയല്ല, നേതാക്കളും പ്രവര്‍ത്തകരും ഉണ്ടായിട്ടും മുന്നേറാനാകുന്നില്ല. അത് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്.
നഗരസഭയില്‍ മാത്രമല്ല ജില്ലയിലാകെ ബിജെപി മികച്ച പ്രകടനമാണ് നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് വലിയ വിജയത്തിലേക്ക് നീങ്ങുമെന്നാണ് ബിജെപി സംസ്ഥാന സമിതി വിലയിരുത്തുന്നത്. വോട്ട് ഷെയറിന്റെ അടിസ്ഥാനത്തിലാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കനുസരിച്ച് തിരുവനന്തപുരം നഗരസഭയിലെ 70 വാര്‍ഡുകളില്‍ ബിജെപി മുന്നിലാണ്. 15 വാര്‍ഡുകളില്‍ രണ്ടാമതും. 22 പഞ്ചായത്തുകളില്‍ ഏഴെണ്ണത്തില്‍ ഒന്നാമതെത്തി. അഞ്ചിടത്ത് രണ്ടാമതും. ഇതെല്ലാം സിപിഎമ്മിനെ വല്ലാതെ ആശങ്കാകുലരാക്കുന്നു.
അതുകൊണ്ടാണ് എം.സ്വരാജിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ കമ്മിറ്റിയില്‍ വളരെ സത്യസന്ധമായി അംഗങ്ങള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. ന്യൂനപക്ഷങ്ങളോട് അമിത ആഭിമുഖ്യം കാണിക്കുന്നത് തിരിച്ചടിയാകുമെന്ന് പലരും ചൂണ്ടിക്കാടിയപ്പോള്‍ ജില്ലാ സെക്രട്ടറിക്ക് ഇഷ്ടമായില്ല. അവസാനം സെക്രട്ടറിക്ക് തിരുത്തുവരുത്തേണ്ടിവന്നു. തലസ്ഥാന വികസനത്തോട് മന്ത്രി മുഹമ്മദ് റിയാസ് കാണിക്കുന്ന വിവേചനവും ചര്‍ച്ചയായി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമര്‍ശനമുയര്‍ന്നു.
ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാരുടെ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി വലിയ മുന്നേറ്റം നടത്തി. വട്ടിയൂര്‍ക്കാവിലും നേമത്തും കഴക്കൂട്ടത്തും താമര വിരിയാറായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12,041 വോട്ടിന്റെ ലീഡാണ് കുമ്മനം രാജശേഖരന്‍ നേമം നിയമസഭാ മണ്ഡലത്തില്‍ നേടിയത്. ഇത്തവണയത് 22,126 ആയി കൂടി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കെ.മുരളീധരന്‍ മത്സരിക്കാനിറങ്ങിയതോടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും ബിജെപിക്ക് നല്ല സാധ്യതയുണ്ട്.
കഴക്കൂട്ടത്ത് വി.മുരളീധരനും ശോഭാ സുരേന്ദ്രനും മികച്ച പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണത്തിന് നേതാക്കള്‍ പോലും എത്താത്തതിരുന്നിട്ടും അവര്‍ നല്ല മത്സരം കാഴ്ചവെച്ചു. കെ.സുരേന്ദ്രന്റെ നേതൃത്വവുമായി അവരന്ന് തുറന്നയുദ്ധത്തിലായിരുന്നു. നഗരഭരണം സിപിഎം തിരിച്ചുപിടിക്കണമെങ്കില്‍ തീരദേശ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കണം. അല്ലാത്തപക്ഷം വലിയ തിരിച്ചടിയുണ്ടാകും. കോണ്‍ഗ്രസിന്റെ സഹായത്തോടെ ഭരണം നടത്തേണ്ട അവസ്ഥയുണ്ടാകും. അതോടെ ഇന്ത്യാ മുന്നണി കേരളത്തിലും യാഥാര്‍ത്ഥ്യമാകും.
ബിജെപിക്ക് അധികാരം കിട്ടിയാല്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് കീഴിലുള്ള നിരവധി പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. അതുവഴി ഐ.ടി മേഖലയായ കഴക്കൂട്ടം, തുറമുഖ പ്രദേശമായ വിഴിഞ്ഞം, ടൂറിസം കേന്ദ്രങ്ങളായ കോവളം, ശഖുംമുഖം എന്നിവിടങ്ങളില്‍ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാനാകും. വിഎസ്എസ്.സി അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള നഗരമാണ്. അതിലൂടെ സാധ്യമാകുന്ന പദ്ധതികള്‍. കര, നാവിക, വ്യോമ സേനകളുടെ കേന്ദ്രങ്ങളുമുണ്ട്. അതുകൊണ്ട് പ്രതിരോധവകുപ്പിന്റെ പദ്ധതികളും നടപ്പാക്കാനാകും. അങ്ങനെ എല്ലാം കൊണ്ടും ബിജെപിക്ക് ഏറ്റവും അനുകൂലമായ സമയമാണ് നിലവില്‍ തലസ്ഥാനത്തുള്ളത്.
നേതാക്കളുടെ തമ്മിലടിയും പടലപ്പിണക്കങ്ങളും മാറ്റിവച്ചാല്‍ സിപിഎമ്മിനെ തകര്‍ക്കാന് ഇതുപോലവസരം ഇനിയുണ്ടാകില്ല. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും ഉണ്ടാകണം. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും പേര് മാറ്റിയാണ് സംസ്ഥാനം നടപ്പാക്കിയിട്ടുള്ളത്. അങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാകണം. കോര്‍പ്പറേഷനില്‍ നിരവധി അഴിമതികളാണ് വര്‍ഷങ്ങളായി നടന്നിട്ടുള്ളത്. അടുത്തകാലത്ത് പട്ടികജാതി വികസനഫണ്ട് തട്ടിപ്പ് അടക്കം നടന്നിട്ടുണ്ട്. അതെല്ലാം ചര്‍ച്ചയാക്കണം. മത്സ്യത്തൊഴിലാളികളടക്കം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുളഅള ശ്രമമുണ്ടാകണം. തൃശൂരിലേത് പോലെ ജനം കൂടെ നില്‍ക്കും ഉറപ്പാണ്.
https://www.facebook.com/Malayalivartha