പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു മാറ്റി പകരം മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന് പരസ്യമായി പറയാനുള്ള ചങ്കൂറ്റമാണ് ബിനോയി വിശ്വത്തിനുണ്ടാകേണ്ടത്; സിപിഎമ്മിന്റെ വല്യേട്ടന്‍നയം സഹിച്ച് എന്തിനാണ് എല്‍ഡിഎഫില്‍ സിപിഐ അടിമത്തം പ്രഖ്യാപിച്ച് തുടരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ

അല്‍പമെങ്കിലും അഭിമാനമുണ്ടെങ്കില്‍ സഖാവ് ബിനോയി വിശ്വം ഇടതുമുന്നണിയില്‍ നിന്ന് ഒരു നിമിഷം വൈകാതെ പുറത്തുചാടണം. പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു മാറ്റി പകരം മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന് പരസ്യമായി പറയാനുള്ള ചങ്കൂറ്റമാണ് ബിനോയി വിശ്വത്തിനുണ്ടാകേണ്ടത്. സിപിഎമ്മിന്റെ തെമ്മാടിത്തരവും വല്യേട്ടന്‍നയവും സഹിച്ച് എന്തിനാണ് എല്‍ഡിഎഫില്‍ സിപിഐ അടിമത്തം പ്രഖ്യാപിച്ച് തുടരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിച്ച തിരുവനന്തപുരം, മാവേലിക്കര, വയനാട്, തൃശൂര്‍ മണ്ഡലങ്ങളില്‍ സിപിഎം അടിമുടി കാലുവാരിയെന്ന തിരിച്ചറിവിന്റെ അമര്‍ഷമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന്റെ വാക്കുകളില്‍ നിന്ന് പുറത്തുവരുന്നത്.
വയനാട്ടില്‍ സിപിഎം വോട്ടുകളില്‍ ഗണ്യഭാഗവും കോണ്‍ഗ്രസുകാരന്‍ രാഹുല്‍ ഗാന്ധിക്കാണ് പോയതെന്ന പച്ചയായ സത്യം ബിനോയിക്കും സ്ഥാനാര്‍ഥി ആനി രാജയ്ക്കുമൊക്കെ അറിയാം. തൃശൂരില്‍ സിപിഎംകാരില്‍ ഏറെപ്പേരും അവരുടെ വോട്ടുകള്‍ വന്‍തോതില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്ക്ക് മാറിക്കുത്തിയെന്ന തിരിച്ചറിവും സിപിഐയ്ക്കുണ്ട്. സിപിഎമ്മും സമ്മതിച്ചുകഴിഞ്ഞു വോട്ടുചോര്‍ച്ചയുണ്ടായതായി. എസ്എഫ്‌ഐയുടേത് എക്കാലവും ഗുണ്ടാരാഷ്ട്രീയമാണെന്ന പച്ചയായ സത്യം വിളിച്ചുപറഞ്ഞതിന് സഖാവ് ബാലന്‍ നടത്തിയ പ്രതികണം എത്ര ധിക്കാരപരമാണ്. കൊന്നും കൊലവിളിച്ചും അടിച്ചുതകര്‍ത്തും പാരമ്പര്യമുള്ള എസ്എഫ്‌ഐയുടെ കറുത്ത ചരിത്രം ബിനോയി വിശ്വം മറന്നുപോയിരിക്കുന്നു.
എസ്എഫ്‌ഐ വഴിയില്‍ കെട്ടിത്തൂക്കിയ ചെണ്ടയല്ലെന്നും ചോര കൊടുത്തും നീരുകൊടുത്തും വളര്‍ന്നുവന്ന മഹത്തായ പ്രസ്ഥാനമാണെന്നും ബാലന്‍ സഖാവ് അരുളിച്ചെയ്തിരിക്കുന്നു. സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകനെ തല്ലിവീഴ്ത്തുകയും വൈസ് ചാന്‍സറുടെ തലയില്‍ കരി ഓയില്‍ ഒഴിക്കുകയും പ്രിന്‍സിപ്പാളിന്റെ മേശ അടിച്ചുപൊളിക്കുകയും ചെയ്ത പാരമ്പര്യമുള്ള എസ്എഫ്‌ഐയിലെ കുട്ടിസഖാക്കളില്‍ ഏറെപ്പേരും ശുദ്ധമര്യാദക്കാരാണെന്ന് അരിയാഹാരം കഴിക്കുന്ന ഒരാളും പറയില്ല.
ഇപ്പോഴത്തെ സിപിഎം നേതാക്കളില്‍ ഏറിയ പങ്കും കലാലയങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പാരമ്പര്യമുള്ള തെമ്മാടികളായിരുന്നുവെന്ന ചരിത്രസത്യം സഖാവ് ബാലന്‍ അപ്പാടെ വിഴുങ്ങി. എസ്എഫ്‌ഐ വളര്‍ന്നത് ഇടിമുറിയില്‍ നിന്നൊന്നുമല്ലെന്ന് കാരണഭൂതനും മൊഴിഞ്ഞിരിക്കുന്നു. ബിനോയി വിശ്വം സഖാവേ നിങ്ങളുടെ സിപിഐ പ്രസ്ഥാനത്തെ ഇല്ലായ്മപ്പെടുത്തുകയെന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത അജണ്ടെന്ന് വ്യക്തം. സിപിഎം മേശയിലെ എല്ലും മുള്ളും ഭക്ഷിക്കേണ്ട ഗതികേട് ഇന്നു സിപിഐയ്ക്കില്ലെന്ന സഖാവ് തിരിച്ചറിയാം. ഇങ്ങനെ പോയാല്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ സിപിഐ എന്ന പ്രസ്ഥാനം നിയമസഭയില്‍ ഒറ്റ അക്കത്തിലേക്ക് ചുരുങ്ങും എന്ന തിരിച്ചറിവ് എന്നാണ് വിശ്വം സഖാവിനുണ്ടാവുക.
സാക്ഷാല്‍ സി അച്യുതമേനോന്‍ ഉള്‍പ്പെടുന്ന മഹാന്‍മാരായ അതികായന്‍മാരുടെ പ്രസ്ഥാനമാണ് സിപിഐ എന്നതും ആദര്‍ശം അടിയറവു പറയുന്നത് സിപിഐയുടെ അഭിമാനത്തിന് നിരക്കുന്നതല്ലെന്നും സഖാവ് ബിനോയി വിശ്വം മനസിലാക്കണം. സിപിഎം വച്ചുനീട്ടുന്ന ഏതാനും അസംബ്‌ളി സീറ്റുകളും മന്ത്രിസ്ഥാനവും ചില്ലറ പദവികളും മാത്രമാണ് സിപിഐയുടെ ഇക്കാലത്തെ മൂലധനം. സിപിഐയുടെ യുവജനസംഘടനയുടെയും വനിതാസംഘടനയുടെയും വിദ്യാര്‍ഥി സംഘടനയുടെയും ഇക്കാലത്തെ പരിതാപകരമായ സാഹചര്യം കൂടി മനസിലാക്കണം. പെട്ടി ഓട്ടോയില്‍ കയറാനുള്ള അംഗബലമേ പലയിടങ്ങളിലും സിപിഐക്ക് ഇക്കാലത്തുള്ളു. പല കോളജുകളിലും സിപിഐ വിദ്യാര്‍ഥി സംഘടനയ്ക്ക് യൂണിറ്റുകള്‍പോലും ഇല്ലാതായിരിക്കുന്നു.
ഇടതുമുന്നണിയില്‍ സിപിഎം നിങ്ങളെ വളര്‍ത്താനല്ല കൊല്ലാനാണ് മുന്നണി ചേര്‍ത്തിരിക്കുന്നതെന്ന തിരിച്ചറിവ് സഖാവ് ബിനോയിക്ക് ഇല്ലാതെ പോയിരുന്നു. കാനം രാജേന്ദ്രന്‍പോലും സിപിഎമ്മിലെ വല്യേട്ടന്‍മാരുടെ അടിയറവു പറഞ്ഞ ചരിത്രം കാലം മറന്നിട്ടില്ല. അങ്ങാടിയില്‍ തോറ്റതിന് സിപിഐയോട് എന്നതാണ് ലോക്‌സഭയിലെ തോല്‍വിക്കുശേഷം സിപിഎമ്മിന്റെ പ്രഖ്യാപിത നയം. ജനം സിപിഎമ്മിനെ തള്ളയെന്നും ജനം പിണറായിയെ വെറുക്കുന്നുവെന്നും വിധിയെഴുത്തില്‍ വ്യക്തമായി.
https://www.facebook.com/Malayalivartha