13 കോടിയിലേറെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയതിൽ ഗ്യാനേഷ് കുമാറിൻ്റെ ഏകാധിപത്യപരവും നിയമവിരുദ്ധവുമായ ഇടപെടലാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്; ആഞ്ഞടിച്ച് സിപിഐഎം നേതാവ് പി രാജീവ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത ഇത്രയും ചോർന്നുപോയ ഒരു കാലം മുൻപ് ഉണ്ടായിട്ടില്ലെന്ന് സിപിഐഎം നേതാവ് പി രാജീവ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ ഏകപക്ഷീയവും രാഷ്ട്രീയാടിമത്തം പേറുന്നതുമായ നിലപാടുകളാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്. പുറത്തുവന്ന ഗുരുതര സ്വഭാവമുള്ള ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ്കുമാറിനെ പുറത്താക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു .
13 കോടിയിലേറെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയതിൽ ഗ്യാനേഷ് കുമാറിൻ്റെ ഏകാധിപത്യപരവും നിയമവിരുദ്ധവുമായ ഇടപെടലാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. മറ്റ് രണ്ട് കമ്മീഷണർമാരും നിരന്തരം വിയോജിച്ചിട്ടും ഏകപക്ഷീയമായി മുന്നോട്ടുപോവുകയായിരുന്നു അദ്ദേഹം. ഇതുവരെയുള്ള എസ്.ഐ.ആർ നടപടികളാകെ ഇതോടെ സംശയാസ്പദമായി മാറി.
രാജ്യത്തെ ഏറ്റവും സ്വതന്ത്ര സ്വഭാവം കാത്തുസൂക്ഷിക്കേണ്ട ഒരു പദവിയെ റാൻമൂളിയുടെ നിലവാരത്തിലേക്ക് അധപതിപ്പിച്ചു എന്നതാണ് അദ്ദേഹത്തിൻ്റെ സംഭാവന. വോട്ടർപട്ടികയുടെ നിയന്ത്രണം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരേക്കാൾ കേന്ദ്ര കമ്മീഷനിലെ ഏതാനും ആജ്ഞാനുവർത്തികൾക്കായിരുന്നു എന്നത് അംഗീകരിക്കാനാവില്ല. പക്ഷപാതപരമായ നിലപാടുകൾ കൊണ്ട് പലവട്ടം ഇതിനു മുൻപും ഗ്യാനേഷ് കുമാർ വിവാദത്തിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha
























