ഹജ്ജിനായി മക്ക ഒരുങ്ങുന്നു: തീര്‍ത്ഥാടകര്‍ക്കായി കനത്ത സുരക്ഷാ ക്രമീകരണങ്ങൾ; അനധികൃതമായി പ്രവേശിക്കുന്നവർക്ക് പിഴയും തടവും

അനധികൃതമായി അനുമതി പത്രമില്ലാതെ മക്കയിലേയ്ക്ക് പ്രവേശിക്കുന്നവരെ കണ്ടെത്താനായി സുരക്ഷ കർശനമാക്കി സൗദി പോലീസ്. നുഴഞ്ഞ് കയറ്റക്കാര്‍ക്ക് വാഹന സൗകര്യമൊരുക്കുന്നവര്‍ക്ക് അമ്പതിനായിരം റിയാല്‍ വരെ പിഴ ചുമത്തും. കോവിഡ് ജാഗ്രതയുടെ ഭാഗമായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഹജജ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
ദുല്‍ഹജ്ജ് 12 വരെ ഹജ്ജ് അനുമതി പത്രമില്ലാത്തവര്‍ക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ല. നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധനകളാണ് മക്കയിലുടനീളം നടന്ന് വരുന്നത്. അനുമതി പത്രമില്ലാത്ത തീര്‍ത്ഥാടകര്‍ക്ക് ഗതാഗത സൗകര്യം ചെയ്ത് കൊടുത്താല്‍ ഓരോ തീര്‍ത്ഥാടകനും 10,000 റിയാല്‍ എന്ന തോതില്‍ പിഴയും, 15 ദിവസം തടവും അനുഭവിക്കണം. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. ഓരോ തീര്‍ത്ഥാടകനും പരമാവധി 50,000 റിയാല്‍ എന്ന തോതില്‍ പിഴയും, ആറ് മാസം വരെ തടവുമാണ് കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കുള്ള ശിക്ഷ.കൂടാതെ വാഹനം കണ്ട് കെട്ടുകയും ചെയ്യും. ഇതിന് പുറമെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് വേറെയും നടപടി നേരിടേണ്ടതാണ്. കൂടാതെ നിയമ ലംഘനം നടത്തുന്നത് വിദേശികളാണെങ്കില്‍ നിശ്ചിത കാലത്തേക്ക് തിരിച്ച് വരാനാകാത്ത വിധം നാട് കടത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha























