ഇത് വമ്പൻ ചതി; കുവൈറ്റിലേക്കുള്ള വിദേശികളുടെ പ്രവേശനത്തിന് വീണ്ടും വിലക്കിട്ടു; പ്രതിസന്ധിയിലായി പ്രവാസികൾ

കുവൈറ്റിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് വീണ്ടും നീട്ടിയതോടെ പ്രതിസന്ധിയിലായത് മലയാളികളടക്കം നൂറു കണക്കിന് വിദേശികളാണ് . തുർക്കിയും യു.എ.ഇയും ഇടത്താവളമാക്കി കുവൈറ്റിലേക്ക് വരാൻ പുറപ്പെട്ട മലയാളികളടക്കം വിദേശികൾ ഭക്ഷണത്തിനും താമസത്തിനുമായി ബുദ്ധിമുട്ടുകയാണ്. ഫെബ്രുവരി 21 മുതൽ നേരിട്ടു പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്ന രാജ്യക്കാർക്ക് കുവൈറ്റിലേക്ക് നിബന്ധനകളോടെ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള തീരുമാനം പുറത്തു വന്നതോടെ ആശ്വസിച്ച വിദേശികൾക്കു വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ് പുതിയ തീരുമാനം. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് പ്രവേശന വിലക്ക് നീട്ടാൻ തീരുമാനിച്ചതെന്ന് വ്യോമയാന വകുപ്പ് അറിയിക്കുകയുണ്ടായി.
എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കും നിബന്ധനകളോടെ ഞായറാഴ്ച മുതൽ രാജ്യത്തേക്ക് നേരിട്ടു പ്രവേശനാനുമതി നൽകിയതിനു തൊട്ടു പിന്നാലെയാണ് അപ്രതീക്ഷിതമായ തീരുമാനം ഉണ്ടായത്. പ്രവേശന വിലക്ക് അവസാനിച്ച ഫെബ്രുവരി 21 മുതൽ കുവൈറ്റിലേക്ക് വരാമെന്ന പ്രഖ്യാപനത്തിൽ സന്തോഷിച്ചിരുന്ന പ്രവാസികൾക്ക് വൻ തിരിച്ചടിയാണ് തീരുമാനം. എന്നാൽ സ്വദേശികൾക്ക് ഒരാഴ്ചത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീനും തുടർന്ന് ഒരാഴ്ചത്തെ ഹോം ക്വാറന്റീനും അനുഷ്ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കുന്നതാണ്.
https://www.facebook.com/Malayalivartha



























