സൗദിയിൽ നടക്കാനിറങ്ങിയ പ്രവാസി യുവാവ് കാറിടിച്ച് തൽക്ഷണം മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

സൗദി അറേബ്യയിൽ നടക്കാനിറങ്ങിയ പ്രവാസി ദമ്പതികളെ കാര്‍ ഇടിച്ചുതെറിപ്പിച്ചു.ഭർത്താവ് തൽക്ഷണം മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്കേറ്റു. ബിഹാർ പാട്ന സ്വദേശി ചന്ദ്ര പ്രഭാത് കുമാർ (37) ആണ് മരിച്ചത്. ഭാര്യ വൈഷ്ണവി കുമാരിക്ക് (21) ഗുരുതര പരിക്കേറ്റു.
കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ചൊവ്വാഴ്ച വൈകുന്നേരം ദമ്പതികൾ നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം.ഇതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സൗദി പൗരൻ ഓടിച്ച കാറാണ് ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചത്.
ആദ്യം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൈഷ്ണവിയെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് അൽ ഹസ്സയിലെ ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്ര പ്രഭാത് കുമാർ ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.
വൈഷ്ണവി വിസിറ്റ് വിസയിൽ ഒരുമാസം മുമ്പാണ് ഭർത്താവിന്റെ അടുത്തെത്തിയത്. ചന്ദ്രശേഖർ പ്രസാദ്-ശാന്തി കുമാരി ദമ്പതികളുടെ മകനാണ് ചന്ദ്ര പ്രഭാത് കുമാർ. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























