ഒമാനിൽ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒറ്റപ്പെട്ട മഴക്കും കാറ്റിനും സാധ്യത, പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകിയേക്കും, കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒറ്റപ്പെട്ട മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സുല്‍ത്താനേറ്റിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മുസന്ദം, വടക്കന്‍ ബത്തിന, ബുറൈമി ഗവര്‍ണറേറ്റുകളിലായിരിക്കും മഴ പെയ്യുക.
പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകിയേക്കും. വാദികള്‍ നിറഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കണം. കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 30-60 കിലോമീറ്റര്‍ വരെയായിരിക്കും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. തിരമാലകള്‍ 2.5 മീറ്റര്‍വരെ ഉയര്‍ന്നേക്കും.
തിങ്കള്‍ മുതല്‍ ബുധന്‍ വരെ മറ്റൊരു ന്യൂനമര്‍ദത്തിന്‍റെ ഭാഗമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ പത്ത് മുതല്‍ 50 മി.മീറ്റര്‍ വരെ മഴ പെയ്തേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. ദൃശ്യപരത കുറയാന്‍ സാധ്യതയുണ്ടെന്നും കടലില്‍ പോകുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഗവര്‍ണറേറ്റുകളിലും തീരപ്രദേശങ്ങളിലുമാണ് ന്യൂനമര്‍ദ്ദം നേരിട്ട് ബാധിക്കുക.
https://www.facebook.com/Malayalivartha



























