26 വർഷത്തെ പ്രവാസജീവിതം, സൗദി അറേബ്യയില്‍ കൊല്ലം സ്വദേശി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

സൗദി അറേബ്യയില്‍ കുഴഞ്ഞുവീണ് പ്രവാസി മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ ടി.കെ.എം കോളജ് വാർഡില്‍ ചാമവിള വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ നജീം ഷാഹുല്‍ ഹമീദ് (52) ജോലിക്കിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ബിൻസാഗര്‍ കമ്പനിയുടെ ജിസാന്‍ ശാഖക്ക് കീഴിൽ സബിയ ഡിപ്പോയിൽ സ്‌റ്റോർ കീപ്പറായിരുന്നു.
വെയർഹൗസിനോട് അനുബന്ധിച്ചുള്ള ടോയ്‌ലറ്റിലേക്ക് പോകുന്നതിനിടെ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ അടുത്ത് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസെത്തി മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
26 വർഷമായി സബിയയില്‍ ജോലി ചെയ്യുന്ന നജീം ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഹവ്വാ ഉമ്മയാണ് മാതാവ്. ജീസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) അംഗമായിരുന്നു. ‘ജല’ കേന്ദ്ര കമ്മിറ്റി അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha
























