സര്‍വീസുകൾ റദ്ദാക്കിയതോടെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നല്‍കാത്ത ഗോ ഫസ്റ്റ്, കമ്പനിയുടെ നടപടിയിൽ വെട്ടിലായി സൗദിയിൽ നിന്നും ടിക്കറ്റെടുത്ത നിരവധി പ്രവാസികൾ

മുൻ കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരെ പ്രതിസന്ധിയിലാക്കി ഗോ ഫസ്റ്റ് എയർലൈൻസ് സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കുകയായിരുന്നു. ഗോ ഫസ്റ്റ് സർവീസ് അവസാനിപ്പിച്ചതോടെ റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനങ്ങളിൽ ടിക്കറ്റെടുത്ത പ്രവാസികൾ, ടിക്കറ്റ് തുക തിരികെ ലഭിക്കാതെ വലയുകയാണ്. സൗദിയിൽ നിന്നും ടിക്കറ്റെടുത്ത നിരവധി പ്രവാസികളാണ് കമ്പനിയുടെ നടപടിയിൽ വെട്ടിലായത്. സ്‌കൂള്‍ വേനലവധിയും പെരുന്നാള്‍ അവധിയും മുന്‍കൂട്ടികണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റെടുത്ത കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.
റദ്ദാക്കിയ സര്‍വീസുകളുടെ പണം തിരികെ നല്‍കാത്തതും സര്‍വീസുകള്‍ റദ്ദാക്കിയ വിവരം വൈകി അറിയിക്കുന്നതും യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി. അവധികാലത്ത് നാടണയാന്‍ ബദല്‍ മാര്‍ഗം കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് പലരും. ഗോഫസ്റ്റ് എയര്‍ സര്‍വീസ് അവസാനിപ്പിച്ചിട്ട് മാസം ഒന്നര പിന്നിട്ടെങ്കിലും യാത്രക്കാര്‍ക്ക് റദ്ദാക്കിയ വിവരം ലഭിക്കുന്നത് പലപ്പോഴും വൈകിയാണ്. ഇത് പലരുടേയും അവധി യാത്രകള്‍ അവതാളത്തിലാക്കുന്നതായാണ് പരാതി. അവസാന നിമിഷത്തില്‍ ലഭിക്കുന്ന കാന്‍സിലേഷന്‍ അറിയിപ്പ് ബദല്‍ മാര്‍ഗം കണ്ടെത്തുന്നതിനും വലിയ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നു. ഏറെ പ്രതീക്ഷകളോടെ അവധിക്കാലം മുന്‍കൂട്ടി ആസൂത്രണം ചെയ്ത കുടുംബങ്ങളാണ് ഏറെ വെട്ടിലായത്.
പണം തിരിച്ചു നൽകുന്നതിന് പകരം ട്രാവൽ ഏജന്റുമാർക്ക് മറ്റൊരു അവസരത്തിൽ ടിക്കറ്റ് നൽകാൻ കഴിയുന്ന വിധം ക്രെഡിറ്റ് നൽകാമെന്നാണ് വിമാനകമ്പനി പറയുന്നത്. ഗോഫസ്റ്റ് വിമാനങ്ങൾ കഴിഞ്ഞമാസം പൊടുന്നനെ സർവീസ് റദ്ദാക്കിയതോടെ അവധിയാഘോഷിക്കാൻ ഗൾഫിലെത്തിയ നിരവധി കുടുംബങ്ങളാണ് വെട്ടിലായത്. മടക്കായത്രക്ക് കുട്ടികളടക്കം മൂന്നും നാലും പേർക്കായ വൻതുകയുടെ ടിക്കറ്റെടുത്തിരുന്നവർക്ക് പണം തിരിച്ചുകിട്ടുന്നില്ലെന്ന് മാത്രമല്ല, സ്കൂൾ തുറക്കുന്നതിന് മുമ്പ് കുടുംബത്തെ നാട്ടിലെത്തിക്കാൻ മറ്റുവിമാനങ്ങളിൽ കൂടുതൽ തുക മുടക്കി ടിക്കറ്റെടുക്കേണ്ടിയും വന്നു.
യാത്രക്ക് ഗോഫസ്റ്റ് വിമാനങ്ങളെ കൂടുതൽ ആശ്രയിച്ചിരുന്ന കണ്ണൂരിലെ പ്രവാസി കുടുംബങ്ങൾക്കാണ് വലിയ സാമ്പത്തിക നഷ്ടം നേരിട്ടതും.40000 രൂപ വരെ ഇത്തരത്തിൽ ടിക്കറ്റ് എടുത്തവർക്ക് തിരിച്ചു കിട്ടാനുണ്ട്. ഈ മാസം അവസാനം സർവ്വീസുകൾ പുനരാരംഭിക്കാൻ കമ്പനി നീക്കങ്ങൾ നടത്തുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
അതേസമയം ഫ്‌ളൈറ്റ് റദ്ദാക്കിയതിനെ തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നാണ് എയർലൈൻ പ്രസ്താവനയിലൂടെ അറിയിച്ചത്.
എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതമാക്കിയാതായി കമ്പനി സിഇഒ കൗശിക് ഖോന നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha