അര്‍ദ്ധ വാര്‍ഷിക സ്വദേശിവത്കരണം നടപ്പാക്കാനുള്ള സമയപരിധി അവസാനിച്ചു, യുഎഇയിലെ സ്വകാര്യ മേഖല കമ്പനികളിൽ ഇന്ന് മുതൽ പരിശോധന, സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടികൾ

യുഎഇയിലെ സ്വകാര്യ മേഖല കമ്പനികൾക്കുള്ള സമയപരിധി അവസാനിച്ചു. ഈ വർഷം നടപ്പിലാക്കേണ്ട രണ്ട് ശതമാനത്തിൽ ഒരു ശതമാനം സ്വദേശിവൽക്കരണം ജൂലൈ 7 നകം പൂർത്തിയാക്കണമെന്നാണ് കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നത്. സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചതിനാൽ ഇന്ന് മുതൽ സ്ഥാപനങ്ങളിൽ തൊഴിൽ മന്ത്രാലയത്തിന്റെ കർശന പരിശോധന നടക്കും. അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഈ വർഷം ആദ്യപകുതിയിൽ ഒരു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കി എന്ന് ഉറപ്പാക്കാനാണ് പരിശോധന.
സ്വദേശിവൽക്കരണം നടപ്പാക്കിയ സ്ഥാപനങ്ങളിൽ കൃത്യമായി സ്വദേശികളെ നിയമിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. അതുപോലെ നിയമിക്കാത്ത കമ്പനികൾക്കെതിരെ നടപടികളും ഉണ്ടാകും. സ്വദേശിവത്കരണം കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാക്കുന്നതിന് നാഫിസ് പ്ലാറ്റ്‍ഫോമില്‍ പുതിയ പരിഷ്‍കാരങ്ങളും കൊണ്ടുവന്നിരുന്നു. ഇതിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ പോസ്റ്റ് ചെയ്യാനും യോഗ്യതയുള്ള സ്വദേശി തൊഴില്‍ അന്വേഷകര്‍ക്ക് അവ എളുപ്പത്തില്‍ മനസിലാക്കി തൊഴില്‍ നേടാനും സാധിക്കും.
അതിനാൽ അര്‍ദ്ധ വാര്‍ഷിക സ്വദേശിവത്കരണം നടപ്പാക്കാൻ ഇത്തവണ കമ്പനികൾ വലിയ പാടുപെടേണ്ടി വന്നിട്ടുണ്ടാകില്ല. ഇപ്പോൾ തന്നെ ഒട്ടുമിക്ക കമ്പനികളുടെ പ്രവാസികൾ ജോലി ചെയ്തിരുന്ന തസ്തികയിൽ നിന്ന് അവരെ ഒഴിവാക്കി പകരം ഇമിറാത്തികളെ നിയമിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ അര്‍ദ്ധ വാര്‍ഷിക സ്വദേശിവത്കരണം നടപ്പാക്കിയതിലൂടെ എത്ര പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടാകും എന്നത് സംബന്ധിച്ച കണക്കുകളെല്ലാം പുറത്തുവരും.
5 വർഷത്തിനകം 75,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിൽ രംഗത്ത് ഓരോ വർഷവും രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് യുഎഇ തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. ഇത്തരത്തില്‍ ഒരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കി അഞ്ച് വര്‍ഷം കൊണ്ട് സ്വദേശിവത്കരണം പത്ത് ശതമാനത്തിലെത്തിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചത്. നിയമലംഘനത്തിന് 42,000 ദിർഹമാണ് പിഴ.
സ്വദേശിവത്കരണ നിബന്ധനകളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് ആദ്യ തവണ ഒരു ലക്ഷം ദിര്‍ഹമായിരിക്കും പിഴ ചുമത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാം തവണയും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പിഴത്തുക മൂന്ന് ലക്ഷം ദിര്‍ഹമായി ഉയരും.
മൂന്നാം തവണയും സമാനമായ കുറ്റകൃത്യം സ്ഥാപനത്തില്‍ കണ്ടെത്തിയാല്‍ പിഴത്തുക അഞ്ച് ലക്ഷം ദിര്‍ഹമായി ഉയരും. ഇതിന് പുറമെ ഇത്തരത്തില്‍ പിടിക്കപ്പെടുന്ന സ്ഥാപനം നിയമപ്രകാരമുള്ള സ്വദേശിവത്കരണം നടപ്പാക്കുകയും വേണം. യുഎഇയിലെ സ്വകാര്യ മേഖലയിൽ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha