19 വര്‍ഷങ്ങള്‍ക്ക് ശേഷം വിമാനം കയറിയത് ഉമ്മയേയും ഉപ്പയേയും കാണാനുള്ള മോഹം കൊണ്ട്, ഒടുവില്‍ സംഭവിച്ചത്?

സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് കൊടുക്കാത്തതിനെ തുടര്‍ന്ന് 19 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാജ പാസ്‌പോര്‍ട്ടുമായി വിമാനമിറങ്ങിയ 37 കാരനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. മസ്‌കറ്റില്‍ നിന്നും മുംബൈ വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശി മൂസക്കുട്ടിയെയാണ് ഇക്കഴിഞ്ഞ 24ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
അതേസമയം 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വരുന്നതെന്നും ഉമ്മയേയും ഉപ്പയേയും കാണാനുള്ള ആഗ്രഹം കൊണ്ടാണ് തെറ്റാണെന്നറിഞ്ഞിട്ടും വിമാനം കയറിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. 1998ല്‍ ഡ്രൈവറായാണ് മൂസക്കുട്ടി ചറുവാര യു എ ഇ യിലേക്ക് പോകുന്നത്. അവിടെ എത്തിയ ശേഷം സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് വാങ്ങി വച്ചെന്നും ഡ്രൈവര്‍ ജോലിക്ക് പകരം ആടിനെ മേയ്ക്കാനുള്ള ജോലിയാണ് നല്‍കിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
എന്നാല്‍ നിരന്തരം പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും സ്‌പോണ്‍സര്‍ അത് പണയം വച്ചെന്നും ഇപ്പോള്‍ തിരിച്ചു കിട്ടില്ലെന്നും പറഞ്ഞു. പിന്നീട് വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ചു നല്‍കുന്ന ശ്രിയ അബ്ദുല്ല എന്നയാള്‍ വഴി വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിക്കുകയായിരുന്നു. 2011 ല്‍ വ്യാജ പാസ്‌പോര്‍ട്ട് കിട്ടിയ മൂസക്കുട്ടി റോഡ് മാര്‍ഗം മസ്‌കറ്റിലേക്ക് പോകുകയും പിന്നീട് അവിടെ നിന്ന് നാട്ടിലേക്ക് വരികയുമായിരുന്നു.
https://www.facebook.com/Malayalivartha