കാര്‍ഷികവല്‍ക്കരണം വ്യാപകമാക്കാനുള്ള ശാസ്ത്രീയ പദ്ധതിക്ക് അബുദാബിയില്‍ തുടക്കമായി

അബുദാബിയില്‍ ജലസമ്പത്തിനു ശോഷണം സംഭവിക്കാതെ കാര്‍ഷികവല്‍ക്കരണം വ്യാപകമാക്കാനുള്ള ശാസ്ത്രീയ പദ്ധതിക്ക് തുടക്കമായി. ഭൂഗര്‍ഭജലസമ്പത്തു കുറയാതെ ഈന്തപ്പനത്തോട്ടങ്ങള്‍ സംരക്ഷിക്കാനും ഈന്തപ്പഴ ഉല്‍പാദനം കൂട്ടാനുമുള്ള ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിക്കും. തോട്ടങ്ങളില്‍ ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ തോതും ഓരോയിനം ഈന്തപ്പനയ്ക്കും എത്രമാത്രം വെള്ളം ആവശ്യമാണെന്നും കണ്ടെത്തും.
വിവിധ അളവില്‍ ഉപ്പിന്റെ അംശമുള്ള വെള്ളം പരീക്ഷിച്ച് ഉല്‍പാദനത്തെ എങ്ങനെ ബാധിക്കുമെന്നു വിലയിരുത്താനും എന്‍വയണ്‍മെന്റ് ഏജന്‍സി അബുദാബി (ഇഎഡി) ലക്ഷ്യമിടുന്നു. ധാരാളം ഈന്തപ്പനത്തോട്ടങ്ങള്‍ ഉള്ള അബുദാബിയില്‍ ഭൂഗര്‍ഭജലസമ്പത്തു കുറയാതിരിക്കാന്‍ വിവിധതലങ്ങളില്‍ നടപടി സ്വീകരിച്ചുവരുകയാണ്.
ഭൂഗര്‍ഭജലസമ്പത്തിന്റെ മൂന്നിലൊരുഭാഗം തോട്ടങ്ങളില്‍ ഉപയോഗിക്കുന്നതായാണു കണക്ക്. ഈന്തപ്പനത്തോട്ടങ്ങളില്‍ വേണ്ടിവരുന്ന വെള്ളത്തിന്റെ അളവു കണ്ടെത്താന്‍ വിശദമായ പഠനം നടത്തിയിരുന്നു. ജലസേചനത്തില്‍ കൂടുതല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുകയും താരതമ്യേന കുറഞ്ഞ അളവില്‍ വെള്ളം ആവശ്യമായ ഈന്തപ്പന ഇനങ്ങള്‍ വ്യാപകമാക്കുകയും ചെയ്യും. ജലസമ്പത്തു സംരക്ഷിക്കേണ്ടതിനെക്കുറിച്ചു ലിവ ഈന്തപ്പഴമേളയില്‍ കര്‍ഷകര്‍ക്കു ബോധവല്‍ക്കരണം നല്‍കുന്നുണ്ട്.
മേള സമാപിക്കുന്ന 29 വരെ ഇഎഡി ഉദ്യോഗസ്ഥരും കാര്‍ഷിക ശാസ്ത്രജ്ഞരും ഇവിടെയുണ്ടാകും. കാര്‍ഷികമേഖലയില്‍ വന്‍പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന അബുദാബിയില്‍ അവയൊന്നും ഭൂഗര്‍ഭജലനിരപ്പിനെ ബാധിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഇഎഡിയിലെ ഉപദേശകന്‍ ഡോ. മുഹമ്മദ് ദാവൂദ് പറഞ്ഞു. ഭൂഗര്‍ഭജലശേഖരം സംരക്ഷിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന എമിറേറ്റാണ് അബുദാബി.
നിയമം ലംഘിച്ചാല്‍ കനത്ത പിഴയ്ക്കു പുറമേ തടവുശിക്ഷയും അനുഭവിക്കണം. ഭൂഗര്‍ഭജലശേഖരം അപകടകരമാംവിധം കുറയുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നടപടി. ഭൂഗര്‍ഭജലം കുറഞ്ഞാല്‍ മണ്ണ് കൂടുതല്‍ വരളുകയും ഉപ്പിന്റെ അംശം കൂടുകയും ചെയ്യും. കിണറുകള്‍ കുഴിക്കണമെങ്കില്‍ ഇഎഡിയുടെ അനുമതി വാങ്ങിയിരിക്കണം.
നിലവിലുള്ളതോ പുതിയതോ ആയ കുഴല്‍ക്കിണറുകളില്‍നിന്നെടുക്കുന്ന വെള്ളത്തിന്റെ കൃത്യമായ കണക്കു ബോധിപ്പിക്കുകയും ഉപയോഗിക്കുന്നതിനു പ്രത്യേക അനുമതിപ്പത്രം നേടുകയും വേണം. ഓരോ കിണറും ഇഎഡിയില്‍ റജിസ്റ്റര്‍ ചെയ്യണം. ഭൂഗര്‍ഭജല വില്‍പനയും തടഞ്ഞിട്ടുണ്ട്. ചെറുകിട ഡീസാലിനേഷന്‍ യൂണിറ്റ് വഴി വെള്ളം ശുദ്ധീകരിച്ചു കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. അബുദാബിയില്‍ മാത്രം ഒരുലക്ഷത്തിലേറെ കുഴല്‍ക്കിണറുകളുണ്ടെന്നാണു കണക്ക്.
https://www.facebook.com/Malayalivartha