ഹാജര്‍ ബുക്കില്‍ പേരില്ലെങ്കിലും ക്ലാസ്സ്മുറിയില്‍ കയറിക്കൂടിയ അപൂര്‍വ്വ അതിഥിയ്ക്ക് പ്രത്യേക ആദരം!
തൃശ്ശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സ് സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് മുറിയില്‍ ഇന്നലെ രാവിലെ എട്ടരയോടെ എത്തിയ വിദ്യാര്‍ഥികള്‍ ഒരു അപൂര്‍വ്വ അതിഥിയെ കണ്ട് അല്പം പേടിക്കുകയും അതിലേറെ കൗതുകപ്പെടുകയും ചെയ്തു. ക്ലാസ്മുറിയുടെ മച്ചില്‍ ഒരു വെള്ളിമൂങ്ങയേയാണ് അവര്‍ കണ്ടത്.
വിദ്യാര്‍ഥികള്‍ സ്റ്റാഫ് റൂമിലെത്തി അധ്യാപകരെ വിവരമറിയിച്ചു. മൂങ്ങയെ ഭയപ്പെടുത്തി ഉപദ്രവിക്കരുതെന്നും എല്ലാവര്ക്കും കാണാന്‍ അവസരമുണ്ടാക്കാമെന്നും അധ്യാപകര്‍ അറിയിച്ചതോടെ കുട്ടികളില്‍ കൗതുകം വളര്‍ന്നു.
എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി ആയിരത്തിയഞ്ഞൂറിലേറെ കുട്ടികള്‍ പഠിക്കുന്നതിനാല്‍ ഊഴമിട്ട് ഓരോ വിഭാഗം കുട്ടികള്‍ക്കും അധ്യാപകര്‍ വെള്ളിമൂങ്ങയെ കാട്ടിക്കൊടുത്തു. അങ്ങനെ ആദ്യ പീരിയഡ് മുഴുവന്‍ പരിസ്ഥിതി പഠനത്തിനായി അധ്യാപകര്‍ മാറ്റിവച്ചു!
ചെറിയ ക്ലാസുകളിലെ കുട്ടികള്‍ ആഹ്ലാദശബ്ദമുയര്ത്തിയപ്പോള് മൂങ്ങ പറന്നെങ്കിലും ക്ലാസിനു പുറത്തു പോകാതെ മറ്റൊരു മൂലയിലേക്കു മാറി. സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മൂങ്ങയെ പിടികൂടി.
എല്ലാ കുട്ടികള്‍ക്കും കാണത്തക്കവിധം സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് മൂങ്ങയെ പ്രദര്‍ശിപ്പിച്ച ശേഷമാണ് വനംവകുപ്പ് അധികൃതര്‍ മടങ്ങിയത്.
https://www.facebook.com/Malayalivartha