കോപ്പ അമേരിക്ക, ബ്രസീല്‍ ഫൈനലില്‍..!! എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ വിജയം
പെറുവിനെ തോല്പിച്ച് ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ വിജയം. റിച്ചാര്‍ലിസണെ മുഖ്യ സ്ട്രൈക്കറാക്കി 4 – 2 – 3 – 1 ശൈലിയിലാണ് കോച്ച് ടിറ്റെയുടെ നേതൃത്വത്തില്‍ ബ്രസീല്‍ ടീമിനെ അണിനിരത്തിയത്. നെയ്മറും, പക്വേറ്റയും, എവര്‍ട്ടനും തൊട്ടു പിന്നില്‍. കാസിമിറോയും ഫ്രഡും മധ്യത്തിലും ഡാനിലോയും മാര്‍ക്വീഞ്ഞോസും സില്‍വയും ലോദിയും പ്രതിരോധത്തിലും എന്ന രീതിയിലായിരുന്നു ക്രമീകരണം.
അതേ സമയം ബ്രസീല്‍ ആക്രമണങ്ങളെ നേരിടാന്‍ ലപാഡുള്ളയെ ആക്രമണത്തിന് നിയോഗിച്ച് 5 – 4 – 1 ശൈലിയാണ് പെറു സ്വീകരിച്ചത്. ആദ്യ പകുതിയില്‍ കൃത്യമായ മുന്‍തൂക്കം ടിറ്റെയുടെ ബ്രസീലിനായിരുന്നു. രണ്ട് പെറു താരങ്ങളെ കബളിപ്പിച്ചുള്ള നെയ്മറുടെ മുന്നേറ്റത്തിനൊടുവില്‍ മുപ്പത്തിയഞ്ചാം മിനിറ്റില്‍ പക്വേറ്റയുടെ ഇടംകാലന്‍ ഷോട്ട് ബ്രസീലിനെ മുന്നിലെത്തിച്ചു. ഇതോടെ ബ്രസീലിന് നിര്‍ണായക ലീഡായി.
ആദ്യ പകുതിയില്‍ തന്നെ ഏഴ് ഷോട്ടുകളാണ് ബ്രസീലിയന്‍ താരങ്ങള്‍ പായിച്ചത്. അറുപത്തിയൊന്നാം മിനിറ്റില്‍ പെറു മുന്നേറ്റം സില്‍വ നിര്‍വീര്യമാക്കി. എഴുപത്തിയൊന്നാം മിനിറ്റില്‍ റിച്ചാര്‍ലിസണെ വീഴ്ത്തിയതിന് ബ്രസീലിയന്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറിയുടെ തീരുമാനം കോര്‍ണറില്‍ ഒതുങ്ങി. ഇഞ്ചുറി ടൈമിലും മോശം പ്രകടനം വെച്ച പെറു പുറത്താവുകയായിരുന്നു. നാളെ നടക്കുന്ന അര്‍ജന്റീന – കൊളംബിയ വിജയികളുമായി ഫൈനലില്‍ ബ്രസീല്‍ ഏറ്റുമുട്ടും.
https://www.facebook.com/Malayalivartha