മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഡിസംബര്‍ 22ന് റിലീസ് ചെയ്യും

ഒപ്പവും പുലിമുരുകനും നല്ല കളക്ഷന്‍ നേടി മുന്നേറുന്നതുക്കൊണ്ട് റിലീസ് മാറ്റിവച്ച മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഡിസംബര്‍ 22ന് റിലീസ് ചെയ്യും. വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പുരോഗമിക്കുകയാണ്. മുന്തിരിവള്ളികള്‍ നവംബറില്‍ റിലീസ് ചെയ്യാനിരുന്നതാണ്.
എന്നാല്‍ പുലിമുരുകന്‍ വന്‍ വിജയമായതോടെ ക്രിസ്മസ് റിലീസാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീക്കന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോളാണ് നിര്‍മ്മാണം. തിരക്കഥ സിന്ധുരാജിന്റേതാണ്.
ദൃശ്യത്തിന് ശേഷം മീന വീണ്ടും മോഹന്‍ലാലിന്റെ നായികയായെത്തുന്നു. അനൂപ് മേനോന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സുരേഷ്‌കൃഷ്ണ, ശൃന്ദ, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, ലിഷോയ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. റഫീഖ് അഹമ്മദിന്റെയും മധു വാസുദേവന്റെയും ഡി.ബി. അജിത്കുമാറിന്റെയും ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രനും ബിജിബാലും സംഗീതം നല്‍കുന്നു. പ്രമോദ്പിള്ള ഛായാഗ്രഹണവും സൂരജ് എഡിറ്റിംഗും നിര്‍വഹിക്കും. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറും ക്രിസ്മസ് റിലീസായി മത്സരത്തിനെത്തും.
ഉലഹന്നാനും ആനിയമ്മയുമായാണ് മോഹന്‍ലാലും മീനയും എത്തുന്നത്. ദൃശ്യം സിനിമയിലെ രണ്ടുപേരുടെയും മാജിക്കല്‍ കോമ്പിനേഷന്‍ ഇതിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
https://www.facebook.com/Malayalivartha





















