കൊഹ്ലിയും അനുഷ്‌കയും മോഡിയെ സന്ദര്‍ശിച്ചു... ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഇറ്റലിയിലെ വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചു. ഇരുവരും മോഡിയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് പുറത്ത് വിട്ടത്. ഇരുവര്‍ക്കും പ്രധാനമന്ത്രി വിവാഹ ആശംസകള്‍ നേര്‍ന്നതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്‌കാനിയില്‍ വച്ചായിരുന്നു കൊഹ്ലിയുടെയും അനുഷ്‌കയുടെയും വിവാഹം നടന്നത്.അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു താരദമ്പതികളുടെ മിന്നുകെട്ട്. യൂറോപ്പില്‍ മധുവിധു ആഘോഷിച്ച ശേഷമാണ് ദമ്പതികള്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ തിരിച്ചെത്തിയ ഇരുവരും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടി ഡിസംബര്‍ 21ന് ഡല്‍ഹിയിലും ഡിസംബര്‍ 26ന് മുംബയ്യിലും വിവാഹ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം, വിദേശത്ത് വിവാഹം നടത്തിയതെന്നതിന്റെ പേരില്‍ ബി.ജെ.പി എം.എല്‍.എ രാജ്യദ്രോഹികളെന്ന് വിളിച്ച ദമ്പതികള്‍ പ്രധാനമന്ത്രിയെ കാണാനെത്തിയത് ശ്രദ്ധേയമായി. താരങ്ങള്‍ക്ക് ദേശസ്‌നേഹമുണ്ടായിരുന്നെങ്കില്‍ ഇരുവരും ഇന്ത്യയില്‍ വച്ച് വിവാഹം നടത്തുമായിരുന്നെന്ന് മദ്ധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ പന്നാലാല്‍ ഷാകിയയാണ് ആരോപിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നതിനിടയിലാണ് താരദമ്പതികള്‍ മോഡിയെ കാണാനെത്തിയത്.
https://www.facebook.com/Malayalivartha






















