വി എസിനെ നിരീക്ഷിക്കാന്‍ ആം ആദ്മി

വിഎസ് അച്യുതാനന്ദന്റെ നീക്കങ്ങള്‍ സശ്രദ്ധം വീക്ഷിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ തീരുമാനം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരിട്ടാണ് ഇതിനുള്ള നിര്‍ദ്ദേശം ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ആപ്പ് നേതാവ് പ്രശാന്ത്ഭൂഷണ്‍ അച്യുതാനന്ദനുമായി ഉറ്റ ബന്ധമുണ്ട്. അച്യുതാനന്ദന്റെ നിരവധി കേസുകള്‍ സുപ്രീം കോടതിയില്‍ വാദിക്കുന്നത് പ്രശാന്ത് ഭൂഷണാണ്. ആപ്പിന്റെ ആരംഭകാലത്തും പ്രശാന്ത് ഭൂഷണ്‍ കേരളത്തിലെത്തി അച്യുതാനന്ദനെ കണ്ടിരുന്നു. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫിനും കെജ്രിവാളുമായി ഉറ്റബന്ധമുണ്ട്.
തനിക്കെതിരായ ആരോപണങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിന്നും നീക്കണമെന്ന ആവശ്യം കേന്ദ്രകമ്മിറ്റി അംഗീകരിച്ചില്ലെങ്കില്‍ വിഎസ് രാജി ഭീഷണി മുഴക്കും. കേരളത്തില്‍ ഛിന്നഭിന്നമായ പാര്‍ട്ടിയെ വിഎസിന്റെ അസാന്നിധ്യം ഗുരുതരമായി ബാധിക്കുമെന്ന വിശ്വാസമാണ് കാരാട്ടിനും യച്ചൂരിക്കുമുള്ളത്. പാര്‍ട്ടിക്കുള്ളിലെ പ്രതിപക്ഷം എന്ന് വിഎസിനെ വിശേഷിപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹത്തോടൊപ്പമാണ് ജനക്കൂട്ടം എന്നും കേന്ദ്ര നേതാക്കള്‍ വിശ്വസിക്കുന്നു. ഇത് കേരളത്തിന്റെ രീതിയാണെന്നാണ് കേന്ദ്ര നേതാക്കളുടെ വിശ്വാസം.
അരവിന്ദ് കെജ്രിവാളാകട്ടെ കേരളത്തില്‍ വിഎസിനെ കിട്ടിയാല്‍ ആപ്പിന് ചുവടുറപ്പിക്കാമെന്ന ധാരണ വച്ചു പുലര്‍ത്തുന്നു. വിഎസ് വന്നാല്‍ ആപ്പിനു ജയിക്കാമെന്നും കെജ്രിവാള്‍ വിശ്വസിക്കുന്നു. അച്യുതാനന്ദന്‍ വരികയാണെങ്കില്‍ കേരളത്തിന്റെ സാംസ്‌കാരിക- പരിസ്ഥിതി രാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നും കെജ്രിവാള്‍ വിശ്വസിക്കുന്നു. നേരത്തെയും കെജ്‌രിവാള്‍ അച്യുതാനന്ദനെ നോട്ടമിട്ടിരുന്നു. എന്നാല്‍ അന്ന് ആപ്പ് ഡല്‍ഹി ഭരണം കൈ വിട്ടതിനാല്‍ മറ്റൊന്നും നടന്നില്ല. അന്ന് ആപ്പിനൊപ്പം ചേരാന്‍ അച്യുതാനന്ദന്‍ സമയം ചോദിച്ചിരുന്നു.
ചുരുക്കത്തില്‍ അച്യുതാനന്ദന് മുമ്പില്‍ ആപ്പിന്റെ വാതിലുകള്‍ തുറന്നു കിടക്കുകയാണ്. സിപിഎമ്മില്‍ നിന്നിറങ്ങേണ്ടി വന്നാല്‍ അദ്ദേഹം ആപ്പില്‍ കയറും. എന്നാല്‍ പരമാവധി സിപിഎം വിടാതിരിക്കാനാവും അച്യുതാനന്ദന്‍ ശ്രമിക്കുക. അതിനു പിണറായി അനുവദിക്കുമോ എന്ന് കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha