വിഎസ് വീണതും പിള്ള എഴുന്നേറ്റതും ഒരേ ദിവസം; വിധി അല്ലാതെന്ത്

ഇതിനെയാണ് വിധിയെന്ന് വിശേഷിപ്പിക്കുന്നത്. വിഎസ് വീണതും പിള്ള എഴുന്നേറ്റതും ഒരേ ദിവസം. ചരിത്രത്തിലാദ്യമയി സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നു പോലും വിഎസ് ഒഴിവാക്കപ്പെട്ടപ്പോള്‍ ആര്‍.ബാലകൃഷ്ണപിള്ള വാളകം കേസില്‍ നിരപരാധിയാണെന്ന് സിബിഐ കണ്ടെത്തി. വാളകത്തെ അധ്യാപകര്‍ പിള്ളയുടെ മര്‍ദ്ദനമേറ്റാണ് ആശുപത്രിയിലായതെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് വിഎസാണ്.
വാളകത്ത് പിള്ളയുടെ സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന് പരിക്കേറ്റത് വാഹനാപകടത്തിലാണെന്ന് ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ കണ്ടെത്തിയത്. ആയുധം ഉപയോഗിച്ചോ അല്ലാതെയോ അല്ല അധ്യാപകന് പരിക്കേറ്റത്. അജ്ഞാത വാഹനം ഇടിച്ചാണ് കൃഷ്ണകുമാറിന് പരിക്കേറ്റതെന്ന് നേരത്തെ കേരള പോലീസും കണ്ടെത്തിയിരുന്നു . ഇതേ നിഗമനത്തില്‍ തന്നെയാണ് സിബിഐയും എത്തിയിരിക്കുന്നത്.
2011 സെപ്റ്റംബര്‍ 27 ന് രാത്രി കൃഷ്ണകുമാര്‍ അപകടത്തില്‍ പെടുമ്പോള്‍ പിള്ള ജയില്‍ശിക്ഷയ്ക്കിടയിലുള്ള ആശുപത്രി വാസത്തിലായിരുന്നു. പിളളക്ക് തങ്ങളോട് വിരോധമുണ്ടെന്ന് അധ്യാപകന്റെ ഭാര്യ മൊഴി നല്‍കി. ഇത് വിഎസിന്റെ നിര്‍ദ്ദേശപ്രകാരം നല്‍കിയതെന്നാണ് പിള്ളപക്ഷക്കാര്‍ പറയുന്നത്. നേരത്തെ ഇടമലയാര്‍ കേസില്‍ പിള്ളയെ പ്രതിയാക്കിയതും ശിക്ഷ വാങ്ങി നല്‍കിയതും വിഎസ് അച്യുതാനന്ദനാണ്. വിഎസിന്റെ സ്ഥിരം പ്രതിയോഗിയാണ് പിള്ള. പിന്നീട് ഉമ്മന്‍ചാണ്ടിയുമായി തെറ്റിയശേഷം പിള്ള വിഎസിനെ അനുകൂലിച്ച് സംസാരിച്ചു എന്നത് മറ്റൊരു വിധിവൈപരീത്യം.
ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ പിളള നടത്തിയ ചില ഫോണ്‍കോളുകളും വിഎസിന് തെളിവിനായി നിരത്തിയിരുന്നു. എന്നാല്‍ അതൊന്നും ശരിയല്ലെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
പിള്ള നിരപരാധിയാണെന്ന് അറിഞ്ഞ ദിവസം വിഎസ് വല്ലാതെ മാനസിക സമ്മര്‍ദ്ദത്തിലായതും ഒരു പക്ഷേ ദൈവനിയോഗമായിരിക്കാം. താനില്ലെങ്കില്‍ പാര്‍ട്ടിയില്ല എന്ന വിഎസിന്റെ നിലപാടാണ് ആലപ്പുഴയില്‍ കടപുഴകിയെറിയപ്പെട്ടത്. താങ്കളില്ലെങ്കിലും ഒന്നുമില്ലെന്ന് ഇ.പി.ജയരാജന്‍ തുറന്നു പറയുകയും ചെയ്തു. ആര്‍.ബാലകൃഷ്ണപിള്ള അതേസമയം രാഷ്ട്രീയ അനിശ്ചിതത്വത്തിലാണ്, പിള്ളയെ ഇടതുമുന്നണിയിലെടുക്കാന്‍ സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റി തയ്യാറാണ്. പിണറായിക്കും ഇതില്‍ എതിര്‍പ്പില്ല. വിഎസ് എതിര്‍ത്തിട്ടും കാര്യമില്ല. കോടിയേരി പിണറായിക്കൊപ്പം നില്‍ക്കും. മുന്നണി വിപുലീകരിക്കാമെന്ന ആശയം മുന്നോട്ടു വന്നാല്‍ പിള്ളക്ക് ഇടതുമുന്നണിയില്‍ കയറികൂടാം. എന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതം തന്നെ താറുമാറാക്കിയ വാളകം കേസ് വഴിത്തിരിവിലെത്തിയിട്ടും പിളള പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha