കോഴയില്‍ മുങ്ങുന്ന കേരളം: മദ്യനയവും സര്‍ക്കാരും

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ ഇരുപത്തിനാലാം ഭാഗമാണിത്.
മദ്യനയത്തില്‍ പ്രായോഗികമായ മാറ്റം വരുത്താന്‍ മന്ത്രിസഭയെ ചുമതലപ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. സമഗ്രമായ പഠനം നടത്തിയശേഷം മാത്രമേ മദ്യനയത്തില്‍ മാറ്റം വരുത്തേണ്ടതുള്ളുവെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ അഭിപ്രായത്തെ തള്ളിയാണു പ്രായോഗികമായ മാറ്റം വരുത്താന്‍ മന്ത്രിസഭയെ ചുമതലപ്പെടുത്താന്‍ യു.ഡി.എഫ് തീരുമാനിച്ചത്. പ്രായോഗികമായി എന്തൊക്കെ മാറ്റം വരുത്തണമെന്നു മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നു യു.ഡി.എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഡ്രൈ ഡേ ഒഴിവാക്കല്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ കൂടുതല്‍ അനുവദിക്കല്‍ മദ്യം വിളമ്പാന്‍ ക്ലബുകള്‍ക്കു ലൈസന്‍സ് നല്‍കുന്ന കാര്യം തുടങ്ങിയവയാകും പ്രധാനമായും മന്ത്രിസഭ ചര്‍ച്ചചെയ്തു തീരുമാനം എടുക്കുക. ബാറുകളുടെയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും കാര്യത്തില്‍ കോടതി ഉത്തരവുകളുടെ കൂടി അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
. മദ്യനയത്തില്‍ അടിസ്ഥാനപരമായി ഒരു മാറ്റവും ഇല്ലാതെ മദ്യനിരോധനത്തില്‍ ഉറച്ചുനിന്നു മാത്രമേ തീരുമാനം എടുക്കുകയുള്ളു. മദ്യനയത്തില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ലെന്നാണു കെ.പി.സി.സി പ്രസിഡണ്ട് വി.എം. സുധീരന്‍ യോഗത്തില്‍ ഉയര്‍ത്തിയ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യനിരോധനത്തെ തുടര്‍ന്നു തൊഴില്‍ നഷ്ടമായ തൊഴിലാളികളുടെ കാര്യം തീരുമാനിക്കേണ്ടതുണ്ട്. ടൂറിസം മേഖലയിലുണ്ടാകുന്ന നഷ്ടവും ഇക്കാര്യത്തില്‍ കണക്കാക്കണം. മദ്യനിരോധനത്തില്‍ ഉറച്ചുനിന്നു മാത്രമേ തീരുമാനം എടുക്കാവൂ എന്ന സുധീരന്റെ ആവശ്യം എല്ലാ ഘടകകക്ഷികളും അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 21-നുള്ള ഘട്ടംഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ അണുവിട വ്യതിചലിക്കാതെയാകും മദ്യനയത്തില്‍ മാറ്റം വരുത്തുക.
ആഘോഷങ്ങള്‍ക്കായി മദ്യം വിതരണം ചെയ്യാന്‍ ഒരു ദിവസത്തെ പെര്‍മിറ്റ് നല്‍കുന്ന കാര്യവും മന്ത്രിസഭ ചര്‍ച്ചചെയ്യു. മദ്യശാലകള്‍ അനുവദിക്കുമ്പോള്‍ തദ്ദേശസ്ഥാപനങ്ങളുടെ ലൈസന്‍സ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ മാറ്റമില്ല. ദേശീയപാതയ്ക്കരികിലെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മാറ്റുന്ന കാര്യത്തിലും യുക്തമായ തീരുമാനം എടുക്കേണ്ടതുണ്ട്. 150 എണ്ണമെങ്കിലും ഇത്തരത്തിലുള്ളതു കാണും. 10 ശതമാനം വീതം കുറയ്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കാന്‍ നോക്കിയാല്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യനിരോധനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള വി.എം. സുധീരന്റെ തീരുമാനം അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതകൊണ്ടാണെന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം മേഖലയിലെ പരാതികളും പരിഹരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. തൊഴില്‍, ടൂറിസം സെക്രട്ടറിമാരോട് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടുകൂടി ലഭിച്ചശേഷമാണു മന്ത്രിസഭായോഗം തീരുമാനമെടുക്കുക. എന്നാല്‍, സമഗ്രമായ പഠനം വേണമെന്നായിരുന്നു സുധീരന്റെ ആവശ്യം.
തൊഴില്‍ സെക്രട്ടറിയുടെ അബ്കാരി ബന്ധം:
നിലവില്‍ തൊഴില്‍ സെക്രട്ടറിയായ ടോം ജോസ് ഐ എ എസിന്റെ ഭാര്യാപിതാവ് ഒരു മുന്‍ അബ്കാരി കോണ്‍ട്രാക്ടറാണ് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടില്‍ അബ്കാരി മേഖലയ്ക്ക് അനുകൂലമായ തീരുമാനമല്ലേ ഉണ്ടാകൂ.
ഇതിനു മുമ്പ് 21-8-2014-ല്‍ ആയിരുന്നല്ലോ യുഡിഎഫ് മദ്യനയം കൊണ്ടുവന്നത്. അതിനായി ഏതാണ് 4 മാസം (ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ) സര്‍ക്കാരും യുഡിഎഫും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കൂലംകക്ഷമായി ചിന്തിച്ചിരുന്നു. (ഖണ്ഡിക 272-339). അന്നെന്തേ ബാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന 24000-ല്‍ പരം തൊഴിലാളികളുടെ കാര്യം തൊഴില്‍മന്ത്രി ഉന്നയിച്ചിരുന്നില്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഒരു ഡസനിലധികം മന്ത്രിമാര്‍ മുന്‍പ് വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളായിരുന്നു അവരൊന്നും അതു ശ്രദ്ധിച്ചില്ലേ. ശ്രദ്ധിച്ചിരുന്നു.
ഇതൊക്കെ പരിഗണിച്ചശേഷമാണ് 21-8-2014-ല്‍ മദ്യനയം രൂപീകരിച്ചത്. എന്നാല്‍ കെ.എം. മാണിക്കെതിരയുള്ള ഒരുകോടി കോഴ ആരോപണം നിലനിര്‍ത്തി കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയുള്ള 20 കോടി കോഴ ആരോപണം ഒതുക്കണമെങ്കില്‍ നിലവാരമില്ലാതെ അടച്ചുപൂട്ടിയ 418 ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ എങ്കിലും നല്‍കണമെന്ന ഗൂഢലക്ഷ്യമായിരുന്നു കോണ്‍ഗ്രസിലെ മദ്യലോബിക്ക്. ഗ്രൂപ്പുകള്‍ക്കതീതമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന നിയമസഭാസമാജികരുടെ മദ്യലോബിയുടെ കാര്യത്തില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചത്.
മദ്യനയം മന്ത്രിസഭയ്ക്കു വിടന്നതിനെ സുധീരന്‍ എതിര്‍ത്തു:
മദ്യനയത്തില്‍ മാറ്റം വരുത്താനായി മന്ത്രിസഭായോഗത്തെ ചുമതലപ്പെടുത്തിയ തീരുമാനത്തെ യു.ഡി.എഫ് യോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ശക്തമായി എതിര്‍ത്തു. മദ്യനയത്തില്‍ പ്രായോഗിക മാറ്റം വേണമെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭായോഗമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള വാക്‌പോര് തുടങ്ങിയത്.
. ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായപ്പോള്‍ മദ്യനയത്തെ ചൊല്ലിയുള്ള തര്‍ക്കം തുടര്‍ന്നാല്‍ യു.ഡി.എഫിന്റെ മരണമണിയാകും മുഴങ്ങുന്നതെന്നു മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും തുറന്നടിച്ചു.
598. ഞായറാഴ്ചത്തെ ഡ്രൈ ഡേ ഒഴിവാക്കുന്നതിനും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതിനും തീരുമാനമെടുക്കാന്‍ മന്ത്രിസഭായോഗത്തെ ചുമതലപ്പെടുത്താമെന്നു മുഖ്യമന്ത്രി അറിയിച്ചതോടെയാണ് എതിര്‍പ്പുമായി സുധീരന്‍ എഴുന്നേറ്റത്. ജനങ്ങള്‍ അംഗീകരിച്ച മദ്യനയത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നു സുധീരന്‍ പറഞ്ഞു. ജനപക്ഷ യാത്രയില്‍ ജനങ്ങളുടെ വികാരം മനസിലാക്കിയാണ് ഇക്കാര്യം പറയുന്നത്. കൂടുതല്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ സംസ്ഥാനത്ത് അനുവദിക്കേണ്ടതില്ലെന്നും ഞായറാഴ്ചത്തെ ഡ്രേ ഡേ ഒഴിവാക്കേണ്ടതില്ലെന്നും സുധീരന്‍ പറഞ്ഞു.
599. എന്നാല്‍, തൊഴില്‍ നഷ്ടപ്പെടുന്ന മദ്യശാലകളിലെ തൊഴിലാളികളുടെ പ്രശ്‌നവും ടൂറിസം മേഖലയിലെ പ്രതിസന്ധിയും കണക്കിലെടുത്തു മദ്യനയത്തില്‍ മാറ്റം വരുത്തണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, മദ്യനയത്തില്‍ ഒരു മാറ്റവും പാടില്ലെന്നും മദ്യശാലകളുമായി ബന്ധപ്പെട്ട കോഴ വിവാദം മൂടിവയ്ക്കാനുള്ള ശ്രമമാകുമെന്നുള്ള തെറ്റായ സന്ദേശം നല്‍കാന്‍ ഇടവരുത്തുമെന്നും സുധീരന്‍ പറഞ്ഞു. തന്റെ എതിര്‍പ്പോടെയാകണം തീരുമാനം എടുക്കേണ്ടത്. ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കണം. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം ജനങ്ങളെ അറിയിക്കുമെന്നും സുധീരന്‍ പറഞ്ഞു.
600. ഏകാഭിപ്രായമില്ലെങ്കില്‍ മദ്യനയത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു യു.ഡി.എഫിലെ ചര്‍ച്ചകള്‍ പുറത്തുപറഞ്ഞാല്‍ ലീഗിനും പലതും പറയേണ്ടിവരും. പുറത്തു പറയുന്നെങ്കില്‍ ലീഗിന്റെ എതിര്‍പ്പിനെക്കുറിച്ചും മാധ്യമങ്ങളെ അറിയിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.യും പ്രസിഡന്റും തര്‍ക്കം തുടര്‍ന്നാല്‍ ഇനി യു.ഡി.എഫിന്റെ മരണമണിയാകും മുഴങ്ങുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വേണ്ടിവന്നാല്‍ മന്ത്രിസഭാ യോഗത്തിലും ലീഗ് അംഗങ്ങളുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
601. മദ്യനയം സംബന്ധിച്ച് ആദ്യം കോണ്‍ഗ്രസിനുള്ളിലാണ് അഭിപ്രായ ഐക്യമുണ്ടാക്കേണ്ടതെന്നു സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. നിങ്ങള്‍ക്കിടയിലെ തര്‍ക്കം പരിഹരിച്ചശേഷം മതി മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുന്നതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
കണ്‍വീനര്‍ പി.പി. തങ്കച്ചനാണു യു.ഡി.എഫ് തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നത്. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇന്നലത്തെ തീരുമാനങ്ങള്‍ യു.ഡി.എഫ് ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രിയാണു മാധ്യമങ്ങളോടു വിശദീകരിച്ചത്.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha