രമേശില്‍ നിന്നും വിജിലന്‍സ് മാറ്റണമെന്ന് എ ഗ്രൂപ്പ് ഹൈക്കമാന്റിനോട്

രമേശ് ചെന്നിത്തലയില്‍ നിന്നും വിജിലന്‍സ് വകുപ്പ് എടുത്തു മാറ്റണമെന്ന് എ ഗ്രൂപ്പ് ഹൈക്കമാന്റിനോട് ആവശ്യപ്പെടാന്‍ ഒരുങ്ങുന്നു. ഉമ്മന്‍ചാണ്ടിയുടെ സമ്മതം കിട്ടിയാലുടന്‍ എ ഗ്രൂപ്പ് നേതാക്കള്‍ ഡല്‍ഹിയിലെത്തി ആവശ്യം ഉന്നയിക്കും. ഇതു സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന അവസ്ഥ ചൂണ്ടിക്കാട്ടി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്യും.
അനൂപ് ജേക്കബിനെതിരെയും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് രമേശിനെതിരെ തുറന്ന യുദ്ധത്തിന് എ ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാന്‍ നടത്തുന്ന കുത്സിത നീക്കങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാന്‍ സര്‍വദാ യോഗ്യനാണെന്ന് കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കല്‍ പറഞ്ഞ കാര്യവും എ ഗ്രൂപ്പ് ചൂണ്ടി കാണിക്കും.
രമേശ് ചെന്നിത്തല വിജിലന്‍സിനെ ഉപയോഗിച്ച് ശത്രുക്കളെ വേട്ടയാടുകയാണെന്ന് എ ഗ്രൂപ്പിന്റെ ആരോപണം. രമേശിന് വിജിലന്‍സ് നല്‍കരുതെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനോട് പറഞ്ഞിരുന്നതാണ്. വിജിലന്‍സ് തിരുവഞ്ചൂരില്‍ നിലനിര്‍ത്താനും ഉമ്മന്‍ചാണ്ടി ശ്രമിച്ചു. എന്നാല്‍ ഇതൊന്നും ഹൈക്കമാന്റ് സമ്മതിച്ചില്ല. വിജിലന്‍സ് ഇല്ലെങ്കില്‍ ആഭ്യന്തരമന്ത്രി സ്ഥാനം വേണ്ടെന്നായിരുന്നു രമേശിന്റെ നിലപാട്.
എന്നാല്‍ ഹൈക്കമാന്റ് എന്തു തീരുമാനമെടുക്കുമെന്നറിയില്ല. രമേശിന്റെ കൈയ്യില്‍ നിന്നും വിജിലന്‍സ് എടുത്തു മാറ്റിയാല്‍ അത് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്ന് ഹൈക്കമാന്റ് സംശയിക്കുന്നു. പ്രതിപക്ഷവും ഇക്കാര്യം ആയുധമാക്കും. ശേഷിക്കുന്ന മാസങ്ങളില്‍ ഒരു മാറ്റത്തിനും ഹൈക്കമാന്റ് തയ്യാറല്ലെന്നാണ് കേള്‍ക്കുന്നത്.
എങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha