ശുപാര്‍ശ ചെയ്യും...ബിജു രമേശിന് കുരുക്കു മുറുകുന്നു, നടപടി വേണമെന്ന് സര്‍ക്കാര്‍

ബാര്‍ ഉടമ ബിജു രമേശിന് കുരുക്കു മുറുകുന്നു. ബിജുവിനെതിരെ നടപടി വേണമെന്ന് വിജിലന്‍സ് ഉടന്‍ ആഭ്യന്തര മന്ത്രിക്ക് ശുപാര്‍ശ ചെയ്യും. മന്ത്രി കെ ബാബുവിന് 10 കോടി നല്‍കി എന്ന ബിജുവിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് തെളിഞ്ഞ പശ്ചാത്തലത്തിലാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിന് നടപടി വരാന്‍ പോകുന്നത്. വിജിലന്‍സ് ഇക്കാര്യം രേഖാ മൂലം ആഭ്യന്തര വകുപ്പിനെ അറിയിക്കും. ബാബുവിനെതിരെ നടത്തിയ അന്വേഷണത്തിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
ബാര്‍ലൈസന്‍സ് 30 ലക്ഷമാക്കി ഉയര്‍ത്താതിരിക്കാന്‍ മന്ത്രി ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. എന്നാല്‍ 30 ലക്ഷമാക്കി ഉയര്‍ത്താന്‍ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. 22 ലക്ഷമായിരുന്നു ലൈസന്‍സ് ഫീസ്. അത് 23 ലക്ഷമാക്കി ഉയര്‍ത്തിയത് മന്ത്രി ബാബുവിന്റെ സാന്നിധ്യത്തിലാണ്. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ മുറിയില്‍ വച്ച് തുക കൈമാറിയെന്നാണ് ആരോപണം. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും ശേഖരിച്ച ശേഷമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
മന്ത്രിയുടെ ഭരണഘടനാനുസൃതമായ ഓഫീസിനെ വ്യാജ ആരോപണത്തില്‍ പെടുത്തിയതിനെതിരെയാണ് നടപടി വരുന്നത്. മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ അത് തെളിയിക്കേണ്ട ബാധ്യത ആരോപണകര്‍ത്താവിനുണ്ട്. എന്നാല്‍ ലക്കും ലഗാനുമില്ലാതെ ആരോപണം ഉന്നയിച്ച് മാന്യമായി ജീവിക്കുന്നവരെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നു എന്നാണ് വിജില്‍സ് കണ്ടെത്തിയിരിക്കുന്നത്.
അതിനിടെ ബിജുരമേശിനെതിരെ കെ ബാബു നല്‍കിയിരിക്കുന്ന മാനനഷ്ടകേസ് മുറുക്കാനും ബാബു തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് എറണാകുളത്തെ പ്രമുഖ അഭിഭാഷകരുമായി ബാബു ചര്‍ച്ച നടത്തിയിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ ഹൈക്കോടതി അഭിഭാഷകരുമായും ബാബു ചര്‍ച്ച ചെയ്യുന്നുണ്ട്. മാനനഷ്ടകേസും ഒപ്പം സര്‍ക്കാര്‍ നടപടിയും വന്നാല്‍ ബിജുരമേശിന്റെ ചീട്ടുകീറുമെന്ന കാര്യത്തില്‍ സംശയമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha