ബിജുവിന്റെ ഭാര്യയെ കൊന്ന കേസില്‍ സരിതയ്ക്ക് പങ്കില്ല

സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ രശ്മിയെ കൊന്ന കേസില്‍ സരിതാ എസ്.നായരെ സര്‍ക്കാര്‍ രക്ഷപെടുത്തിയതായി റിപ്പോര്‍ട്ട്. കേസില്‍ ക്രൈംബ്രാഞ്ച്‌കുറ്റപത്രം പൂര്‍ത്തിയാക്കി. അന്തിമ അനുമതിയോടെ രണ്ടുദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ബിജുവാണ് കേസിലെ പ്രധാന പ്രതിയെന്ന് കുറ്റപത്രത്തില്‍ പറയുന്നതായി അറിയുന്നു. ബിജുവിന്റെ അമ്മ രാജമ്മാള്‍ രശ്മിയെ മാനസീകമായി പീഡിപ്പിച്ചു. എന്നാല്‍ സരിത എസ്.നായര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും പറയുന്നതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
രശ്മിയുടെ മരണം കൊലപാതകമാണെന്ന സൂചന പൊലീസിന് നല്‍കിയത് സരിതയാണ്. കേസില്‍ ശാസ്ത്രീയ തെളിവുകളും നിര്‍ണായകസാക്ഷി മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കുറ്റപത്രം നല്‍കി വിചാരണ നേരത്തെയാക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം. രശ്മിയുടെ ആന്തരീകാവയവങ്ങളിലെ അമിത ആല്‍ക്കഹോള്‍ സാന്നിധ്യം, മൊഴികളിലെ വൈരുദ്ധ്യം, നുണ പരിശോധനാഫലം എന്നിവ ബിജുവിനെതിരാണ്. രശ്മിയുടെ മൂത്തമകന്റെ മൊഴിയും ബിജുവിനെതിരായി. കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകാന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ജി.മോഹന്‍ രാജിനെ നിയമിച്ചു.
അതേസമയം സരിതയുമായുള്ള അടുപ്പമാണ് ബിജുവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് രശ്മിയുടെ വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നു. സരിതയും ബിജുവും ഗൂഢാലോചന നടത്തിയതായും അവര്‍ പറയുന്നു. സരിത മൊഴി മാറ്റിപ്പറഞ്ഞപ്പോള്‍ സോളാര്‍ കേസുകളില്‍ നിന്നും രശ്മിയുടെ കൊലപാതകത്തില്‍ നിന്നും രക്ഷിക്കാമെന്ന് ധാരണയുണ്ടാക്കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതനുസരിച്ചാണ് സരിതയെ ഒഴിവാക്കിയതെന്നറിയുന്നു.
https://www.facebook.com/Malayalivartha