രമേശിന് ബര്‍ത്ത്? തിരുവഞ്ചൂരിന് വനം?

തിരുവഞ്ചൂരിന് ആഭ്യന്തരത്തില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു?
ഇന്ന് ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് രമേശിനെ ആഭ്യന്തരമന്ത്രിയാക്കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെടുമെന്ന് സൂചന. എ.കെ. ആന്റണി മാത്രമാണ് ഇനി തിരുവഞ്ചൂരിന് ആശ്രയം.
കേരള കോണ്‍ഗ്രസ് (എം) മുസ്ലീംലീഗ് നേതാക്കളാണ് കഴിഞ്ഞ ദിവസം സോണിയാഗാന്ധിയെ സന്ദര്‍ശിച്ച് തിരുവഞ്ചൂരിനെതിരെ പരാതി പറഞ്ഞത്. ലീഗ് ഉന്നമിട്ടത് തിരുവഞ്ചൂരിനെയാണെങ്കിലും ആഭ്യന്തരം രമേശിന് നല്‍കാവുന്നതാണെന്ന മട്ടില്‍ സംസാരിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം)തിരുവഞ്ചൂരിനെ മാറ്റി രമേശിനെ ആഭ്യന്തരമന്ത്രിയാക്കണമെന്ന് വ്യക്തമായും പറഞ്ഞു.
ആഭ്യന്തരം ഒഴിഞ്ഞാല്‍ തിരുവഞ്ചൂര്‍ വനം- സിനിമാ മന്ത്രിയായി ചുമതലയേല്‍ക്കും. ഗണേഷ് ഒഴിഞ്ഞശേഷം വനം മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. തിരുവഞ്ചൂര്‍ നായര്‍ സമുദായാംഗമായതിനാല്‍ ഗണേഷിന് പകരം വന്നാലും വിമര്‍ശനം ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസിലെ ഉന്നതര്‍ കരുതുന്നു. പിള്ളയുടെ പിണക്കം ഗൗരവമായെടുക്കാന്‍ സാധ്യതയില്ല.
വ്യവഹാര ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ കേസില്‍ തിരുവഞ്ചൂരിനെതിരെ ചില യു ഡി എഫ് നേതാക്കള്‍ രംഗത്തു വന്നതിന് പിന്നിലുളള കളി ഇതിനകം വ്യക്തമാണ്. ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ തിരുവഞ്ചൂര്‍ ഒത്തു കളിച്ചതായും ഇവര്‍ ആരോപിക്കുന്നു. ഇതിനിടയില്‍ സി.എന്‍ ബാലകൃഷ്‌ണന്റെ കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന വിജിലന്‍സ് റെയ്‌ഡുമായി ബന്ധപ്പെട്ട് ആര്യാടന്‍ തിരുവഞ്ചൂരിനെതിരെ രംഗത്തു വന്നിരുന്നു. ഉമ്മന്‍ചാണ്ടിയെ വെറുതെ ഭരിക്കാന്‍ വിടരുത് എന്ന അജണ്ടയാണ് ആര്യാടനുള്ളത്.
രമേശിനെ മന്ത്രിസഭയിലേക്ക് എടുക്കണമെന്ന് സോണിയാഗാന്ധി ഉമ്മന്‍ചാണ്ടിയോട് ഇന്നു തന്നെ ആവശ്യപ്പെടുമെന്നാണ് സൂചന. സോണിയ-ചാണ്ടി ചര്‍ച്ച ഇന്നു രാത്രി ഡല്‍ഹിയില്‍ നടക്കും. ആഭ്യന്തരം വിട്ടു കൊടുക്കാന്‍ ചാണ്ടി തയ്യാറാകുമോ എന്നറിയില്ലെങ്കിലും സമ്മര്‍ദ്ദമേറിയാല്‍ അദ്ദേഹത്തിന് അനുസരിക്കേണ്ടിവരും.
എന്‍.എസ്.എസുമായുള്ള പിണക്കവും തിരുവഞ്ചൂരിന് വിനയായിട്ടുണ്ട്. ടി.ജി. നന്ദകുമാര്‍ എന്‍.എസ്.എസ് ദൂതനായി തിരുവഞ്ചൂരിനെ കണ്ടിരുന്നതായി കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. ആഭ്യന്തരം ഒഴിഞ്ഞാലും കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രി എന്ന സ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കരസ്ഥമാക്കി കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha