റമദാൻ മാസ വിലക്കയറ്റം തടയാൻ വിപണി നിരീക്ഷണം ശക്തമാക്കും; സൂപ്പര്‍ മാര്‍ക്കറ്റുകളിലും സ്റ്റോറുകളിലും മിന്നൽ പരിശോധന
റമദാന് മാസത്തിലെ വിലക്കയറ്റം തടയാനായി വിപണി നിരീക്ഷണം ശക്തമാക്കുമെന്ന് കുവൈറ്റ് വാണിജ്യ മന്ത്രാലയം അറിയിച്ചതായി റിപ്പോർട്ടുകൾ. ഇതിൻപടിയായി സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറിയ സ്റ്റോറുകളിലുമെല്ലാം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തും.
സഹകരണ സംഘങ്ങളിലെയും പൊതുവിപണിയിലെയും വില്പന പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പ്രത്യേക യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. രാജ്യത്താകമാനം പരിശോധന നടത്താന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
അന്യായമായി വില വര്‍ധിപ്പിക്കുന്നുണ്ടോ എന്നും കേടായ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടോ എന്നും ഇൗ സംഘം പരിശോധിക്കും. ക്രമക്കേട് കണ്ടുപിടിച്ചാല്‍ പിഴ ചുമത്തല്‍ മുതല്‍ കട അടപ്പിക്കുന്നതുവരെയുള്ള നടപടികള്‍ നേരിടേണ്ടി വരും.
അത്യാവശ്യ ഉല്പന്നങ്ങളെല്ലാം റമദാന് മുൻപുതന്നെ വിപണിയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തലും പ്രത്യേകസംഘത്തിന്റെ ചുമതലയില്‍പെടും. അമിതവിലയുമായോ മറ്റു ചൂഷണങ്ങളുമായോ ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ വാണിജ്യ മന്ത്രാലയത്തിന്റെ 135 എന്ന ഹോട്ട്ലൈന്‍ നമ്പറിൽ ബന്ധപ്പെടണം.
https://www.facebook.com/Malayalivartha