സമാധാനത്തിനുള്ള നൊബേൽ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

സമാധാനത്തിനുള്ള 2019-ലെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിയാണ് ഇത്തവണ പുരസ്കാരത്തിന് അർഹനായിരിക്കുന്നത്. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ പുരസ്കാരത്തിനര്‍ഹനാക്കിയത്.
സമാധാനവും അന്താരാഷ്ട്ര സഹകരണവും കൈവരിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കും അതില്‍ തന്നെ അയല്‍രാജ്യമായ എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ എടുത്ത നിര്‍ണ്ണായക തീരുമാനങ്ങള്‍ കണക്കിലെടുത്തുമാണ് അവാര്‍ഡ് എന്നാണ് ജൂറി വിലയിരുത്തിയത്.
ഒരൊറ്റയാളുടെ പ്രവൃത്തിയിലൂടെ മാത്രമല്ല സമാധാനം രൂപപ്പെടുന്നത്. അബിഅഹമ്മദ് അലി സമാധാനത്തിനായുള്ള തന്റെ ഹസ്തം നീട്ടിയപ്പോള്‍ എറിത്രിയന്‍ പ്രസിഡന്റ് അത് ഇരും കയ്യും നീട്ടി സ്വീകരിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം കൊണ്ടുവരാന്‍ പ്രയത്‌നിച്ചു എന്നാണ് നൊബേല്‍ സമിതി വിധിനിര്‍ണയത്തെ വിലയിരുത്തിയത്. സ്വീഡന്‍ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗ് അവാര്‍ഡിന് പരിഗണിച്ചവരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ആബി അഹമ്മദിനെ തിരഞ്ഞെടുക്കുകയായിരുന്നു.
എത്യോപ്യയിലെയും എറിത്രിയയിലെയും ജനങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരാന്‍ ഈ പുരസ്‌കാരത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും നൊബേല്‍ സമാധാന പുരസ്‌കാര സമിതി പങ്കുവെച്ചു.
223 വ്യക്തികളും 78 സ്ഥാപനങ്ങളുമായി 301 പേരുകളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.
ആൽഫ്രഡ് നോബൽ ഏർപ്പെടുത്തിയ അഞ്ചു നോബൽ സമ്മാനങ്ങളിലൊന്നാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം. 1901 മുതൽ ഏതാണ്ട് എല്ലാ വർഷവും "രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനും സേനാവിന്യാസം കുറയ്ക്കാനും സമാധാന ഉച്ചകോടികൾ പ്രോത്സാഹിപ്പിക്കാനും നടത്താനുമുള്ള ശ്രമങ്ങൾക്കാണ് ഇത് നൽകുന്നത്.
ആൽഫ്രഡ് നോബലിന്റെ വിൽപ്പത്രപ്രകാരം നോർവീജിയൻ പാർലമെന്റ് നിയമിക്കുന്ന അഞ്ചംഗ സമിതിയാണ് സമാധാനത്തിനുള്ള നോബൽ സമ്മാന വിജയിയെ കണ്ടെത്തുന്നത്. 1990 മുതൽ ഡിസംബർ 10നു ഓസ്ലോ സിറ്റി ഹാളിൽ വച്ചാണ് അവാർഡ് നൽകുന്നത്. ഇതിനു മുമ്പ് ഓസ്ലോ ഫാക്കൾട്ടി ഓഫ് ലോ സർവ്വകലാശാലയുടെ ആട്രിയത്തിലും (1947–89), നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ടിലും (1905–46) പാർലമെന്റിലും (1901–04) വച്ചായിരുന്നു അവാർഡ് നൽകിപ്പോന്നിരുന്നത്. അവാർഡിന്റെ രാഷ്ട്രീയമാനം മൂലം നോബൽ സമാധാന സമ്മാനം ചരിത്രത്തിൽ മിക്കപ്പോഴും വിവാദങ്ങൾക്ക് പാത്രമായിട്ടുണ്ട്.
രസതന്ത്ര നൊബേല്‍ പുരസ്‌കാരത്തിന് ജോണ്‍ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിറ യോഷിനോ എന്നിവരാണ് അര്‍ഹരായത്. ലിഥിയം അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം. 1922-ല്‍ ജര്‍മനിയില്‍ ജനിച്ച ജോണ്‍ ബി ഗുഡ്ഇനഫ്, നിലവില്‍ ടെക്‌സാസ് സര്‍വകലാശാലയില്‍ അധ്യാപകനാണ്. 1941-ല്‍ യു കെയില്‍ ജനിച്ച സ്റ്റാന്‍ലി വിറ്റിങ് ഹാം നിലവില്‍ ബിങ്ഹാംടണ്‍ സര്‍വകലാശാലയില്‍ അധ്യാപകനാണ്. ജപ്പാന്‍ സ്വദേശിയായ അകിറ യോഷിനോ 1948-ലാണ് ജനിച്ചത്. നിലവില്‍ ജപ്പാനിലെ മെയ്‌ജോ സര്‍വകാശാലയില്‍ അധ്യാപകനാണ്.
ലിഥിയം അയണ്‍ ബാറ്ററികള്‍ നമ്മുടെ ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ചു, മൊബൈല്‍ ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകളിലും ഇലക്ട്രിക് വാഹനങ്ങളിലും അവ ഉപയോഗിക്കപ്പെടുന്നു- പുരസ്‌കാര സമിതി നിരീക്ഷിച്ചു. വിവരസാങ്കേതിക-മൊബൈല്‍ സാങ്കേതികവിദ്യയുടെ വ്യാപനത്തിന് ഊര്‍ജം പകര്‍ന്നതില്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ കണ്ടുപിടിത്തം നിര്‍ണായക പങ്കാണ് വഹിച്ചത്.
പോളിഷ് എഴുത്തുകാരി ഓൾഗാ ടോകാർചുക്കിന് 2018 ലെ സാഹിത്യ നൊബേൽ. 2019 ലെ സാഹിത്യ നൊബേലിന് ഓസ്‌ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻഡ്കെയും അർഹനായി. സാഹിത്യത്തിനുള്ള രണ്ടു വര്‍ഷത്തെ നൊബേല്‍ പുരസ്കാരങ്ങൾ ഒന്നിച്ചു പ്രഖ്യാപിക്കുകയായിരുന്നു. അവാർഡ് നിർണയ സമിതിയിലെ അംഗത്തിന്റെ ഭർത്താവിനെതിരായ ലൈംഗിക വിവാദത്തെത്തുടർന്നാണ് പോയവര്‍ഷം സാഹിത്യ നൊബേല്‍ നല്‍കാതിരുന്നത്.
മാൻ ബുക്കർ പുരസ്കാരം ലഭിച്ച ആദ്യ പോളിഷ് സാഹിത്യകാരിയാണ് പോളിഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഓൾദാ ടോകാർചുക്. 2018ലാണ് ഓൾഗക്ക് ബുക്കർ സമ്മാനം ലഭിച്ചത്. സിറ്റീസ് ഇൻ മിറേഴ്സ്, ദി ജേർണി ഓഫ് ദി ബുക്ക് പീപ്പിൾ, പ്രീമിവെൽ ആൻഡ‍് അദർ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാർഡൊബിൾ, ദി ഡോൾ ആൻഡ് ദി പേൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
പീറ്റർ ഹാൻഡ്കെ ഓസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തും വിവർത്തകനുമാണ്. നിരവധി സിനിമകൾക്കും തിരക്കഥ രചിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha