കൊവിഡ്-19 എന്ന മഹാമാരിയെ നേരിടാനാകാതെ വിറങ്ങലിച്ച് ലോകം....സമ്പത്തിലും സൈനികശക്തിയിലും തോല്‍പ്പിക്കാനാരുമില്ലെന്ന് കരുതിയിരുന്ന അമേരിക്കയാണ് ഇപ്പോള്‍ ഒരു വൈറസിന് മുന്നില്‍.... ഒറ്റയടിക്ക് ന്യൂയോര്‍ക്ക് ശവപ്പറമ്പായതെങ്ങനെ?

ലോകം മുഴുവന്‍ കൊവിഡ്-19 എന്ന മഹാമാരിയെ നേരിടാനാകാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ്. സമ്പത്തിലും സൈനികശക്തിയിലും തോല്‍പ്പിക്കാനാരുമില്ലെന്ന് കരുതിയിരുന്ന അമേരിക്കയാണ് ഇപ്പോള്‍ ഒരു വൈറസിന് മുന്നില്‍ ഏറ്റവും നാശം നേരിടുന്നത്. യൂറോപ്പിലെ സമ്പന്ന രാഷ്ട്രങ്ങളായ ഇറ്റലി, ബ്രിട്ടന്‍, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയവയൊക്കെ നിസ്സഹായരായി നില്‍ക്കുകയാണ്. ദിവസവും നൂറുകണക്കിനാളുകളാണ് മരിക്കുന്നത്. അമേരിക്കയില്‍ കഴിഞ്ഞ ദിവസം മരിച്ചത് 2000-ലേറെ ആളുകളാണ്. അമേരിക്കയില്‍ ഏറ്റവും പ്രതിസന്ധിയിലായത് ന്യൂയോര്‍ക്ക് സംസ്ഥാനമാണ്. അമേരിക്കയിലെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്കിന് മഹാമാരിയെ നേരിടുന്നതില്‍ എവിടെയാണ് പിഴച്ചത്.
യു.എസിലെ കോവിഡ് വൈറസിന്റെ വ്യാപനകേന്ദ്രം ന്യൂയോര്‍ക്ക് സംസ്ഥാനമാണ്. യു.എസിന്റെ ആകെ മരണത്തില്‍ പകുതിയിലേറെയും ഇവിടെയാണ്. ഇതുവരെ 7,800-ലേറെപ്പേരാണ് ഇവിടെ മരിച്ചത്. 1.7 ലക്ഷത്തിലേറെപ്പേര്‍ക്ക് രോഗം ബാധിച്ചു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായ സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലേക്കാള്‍ കൂടുതലാണിത്.
യു.എസിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്കില്‍ 86 ലക്ഷം പേരാണ് പാര്‍ക്കുന്നത്. ഓരോ ചതുരശ്രകിലോമീറ്ററിലും പതിനായിരംപേര്‍ എന്നാണ് കണക്ക്. യു.എസിലെതന്നെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരം. വര്‍ഷത്തില്‍ ആറുകോടി വിനോദസഞ്ചാരികള്‍ എത്തുന്ന ന്യൂയോര്‍ക്ക് യു.എസിലേക്കുള്ള പ്രവേശനകവാടം കൂടിയാണ്. അതായത് ഇവിടെയത്തുന്ന വൈറസ് ബാധിതരായ ഒരാളില്‍നിന്ന് വൈറസ് വളരെവേഗത്തില്‍ മറ്റുള്ളവരിലേക്ക് പടരും.
ഫെബ്രുവരിയില്‍ യൂറോപ്പില്‍നിന്നെത്തിയ വൈറസില്‍നിന്നാണ് ന്യൂയോര്‍ക്കില്‍ രോഗം പടര്‍ന്നതെന്നാണ് നിഗമനം. മാര്‍ച്ച് ഒന്നിനാണ് ഇവിടെ ആദ്യരോഗബാധ സ്ഥിരീകരിച്ചത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബ്രോന്‍ക്‌സ്, ക്വീന്‍സ് മേഖലകളില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനം രേഖപ്പെടുത്തി. മാര്‍ച്ച് രണ്ടിന് രണ്ടാം കേസ് റിപ്പോര്‍ട്ടു ചെയ്തു. നഗരത്തിന്റെ ആരോഗ്യസംവിധാനം ലോകത്തില്‍വെച്ചേറ്റവും മികച്ചതെന്നാണ് അന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വാമോ പറഞ്ഞത്. രണ്ടാഴ്ചയ്ക്കുശേഷമാണ് മേഖലയില്‍ സ്‌കൂളുകളുള്‍പ്പെടെയുള്ള പൊതുവിടങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 22-ന് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു.
അടച്ചിടല്‍ പ്രഖ്യാപിക്കാന്‍ ഇത്രയേറെ വൈകിയെന്നതാണ് ന്യൂയോര്‍ക്കിന്റെ പരാജയം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുള്‍പ്പെടെയുള്ളവര്‍ സാമ്പത്തികകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ത്തതാണ് അടച്ചിടല്‍ വൈകിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു. വെന്റിലേറ്റര്‍ സംവിധാനം യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ട്രംപ് ഭരണകൂടം അടിയന്തരാവസ്ഥാ അധികാരം ഉപയോഗിക്കാന്‍ വൈകിയതും ന്യൂയോര്‍ക്കിനെ മരണഭൂമിയാക്കിയെന്നും അവര്‍ കുറ്റപ്പെടുത്തി.
മരണസംഖ്യ കുതിച്ചുയരുമ്പോഴും ആശ്വാസത്തിന്റെ ചെറിയ സൂചനകളും ന്യൂയോര്‍ക്കില്‍ കാണുന്നുണ്ട്. രോഗം ബാധിച്ച് ആശുപത്രികളിലേക്കെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാതാണ് ന്യൂയോര്‍ക്ക് ഭരണകൂടത്തിന് ആശ്വാസം പകരുന്നത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇതുപോലെ കുറഞ്ഞുവരികയാണെങ്കില്‍ സംസ്ഥാനത്ത് ഇനി താത്കാലിക ആശുപത്രികള്‍ പണിയേണ്ടി വരില്ലെന്ന് ഗവര്‍ണര്‍ ആന്‍ഡ്രു ക്യൂമോ പറഞ്ഞു. ആശുപത്രികള്‍ അതിവേഗം നിറഞ്ഞുകവിഞ്ഞപ്പോള്‍ സൈന്യത്തിന്റെ സഹായത്തോടെ താത്കാലിക ആശുപത്രികള്‍ പണിതിരുന്നു.
"
https://www.facebook.com/Malayalivartha