പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങളുടെ തൊഴില്‍ ധാരണാപത്രങ്ങള്‍ യു.എ.ഇ. റദ്ദാക്കിയേക്കും ; തൊഴില്‍നിയമനങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള നടപടികൾക്ക് സാധ്യത ; കേന്ദ്ര തീരുമാനം കാത്ത് പ്രവാസികൾ

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിക്കൊരുങ്ങി യു എ ഇ. സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍സംബന്ധിയായ ധാരണാപത്രങ്ങള്‍ യു.എ.ഇ. റദ്ദാക്കിയേക്കും. ഇത്തരം രാജ്യങ്ങളില്‍നിന്ന് ഭാവിയിലുള്ള തൊഴില്‍നിയമനങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും യു.എ. ഇ. ആലോചിക്കുന്നു.
എന്തു നടപടികള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ച് പഠിക്കും. സ്വന്തം പൗരന്മാരുടെ ആവശ്യത്തോട് അതത് രാജ്യങ്ങള്‍ മൗനംപാലിക്കുന്ന സാഹചര്യത്തിലാണ് യു.എ. ഇ.യുടെ ഈ നടപടിയെന്നും മന്ത്രാലയം വിശദമാക്കുന്നു.സ്വന്തം പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഉത്തരവാദിത്വത്തോടെയുള്ള ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു. നാട്ടിലേക്കു പോകാന്‍ സന്നദ്ധരാകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യു.എ.ഇ. പ്രഖ്യാപിച്ചിരുന്നു. സ്വകാര്യമേഖലയില്‍ അവധി നല്‍കുന്നത് സംബന്ധിച്ച് ചില നിയമങ്ങളും അവര്‍ പാസാക്കി.
ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ യു.എ.ഇ.യിലെ തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോയിക്കഴിഞ്ഞു. ഇന്ത്യക്കാര്‍ക്ക് പോകാനായി എമിറേറ്റ്സ്, ഫ്‌ളൈ ദുബായ് ഉള്‍പ്പെടെയുള്ള യു.എ.ഇ. വിമാനക്കമ്പനികള്‍ പ്രത്യേകം വിമാനസര്‍വീസുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്ത്യ അനുമതി നല്‍കാത്തതിനാല്‍ പിന്നീട് അവ റദ്ദാക്കുകയായിരുന്നു.. കേരളത്തിൽ ലക്ഷക്കണക്കിന് പ്രവാസികളെ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യങ്ങൾ തയ്യാറാക്കി കഴിഞ്ഞതായി സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം തന്നെ പറഞ്ഞു കഴിഞ്ഞതാണ്. ഇനി കേന്ദ്ര തീരുമാനത്തിനായി കാത്തിരിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. കേരളത്തിലെ വിവിധ മഹല്ല് കമ്മറ്റികളും,പല വ്യക്തികളും,സ്ഥാപനങ്ങളും ഒക്കെത്തന്നെ തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ക്വാറന്റൈനിനായി വിട്ടു നല്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പ്രവാസികളെ സുരക്ഷിതരായി തിരികെ എത്തിച്ച് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ നൽകുന്നതിനായി നമ്മുടെ കേന്ദ്രഭരണകൂടം ഇത്രയും വൈകുന്നത് അടിയന്തര ഇടപെടൽ നടത്തി മെഡിക്കൽ ഫ്ലൈറ്റ് തയ്യാറാക്കി പ്രവാസികളെ നാട്ടിലെത്തിക്കുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള പോംവഴി.
കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആഘാതമേൽപ്പിച്ചത് നമ്മുടെ പ്രവാസികൾക്ക് തന്നെയാണ് . ശാരീരിക ആഘാതത്തെക്കാൾ ഏറെ മാനസിക ആഘാതമാണ് ഈ ലോക്ക് ഡൌണും കോവിഡ് -19 ഉം ഒക്കെ അവർക്കു സമ്മാനിക്കുന്നത്.
കൊറോണയെ പ്രതിരോധിക്കാൻ കേരളം ഏറ്റവും മുൻപന്തിയിൽ നിൽക്കുമ്പോൾ ഒരു കൂട്ടം പ്രവാസി മലയാളികൾ തങ്ങളുടെ ജീവനും ജീവിതവും കയ്യിൽ പിടിച്ച് അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. അന്യനാട്ടിൽ ഒറ്റപെട്ടു കഴിയുമ്പോൾ ഏതുവിധേനയും സ്വന്തം നാടായ കേരളത്തിലേക്ക് എത്തിപ്പെടണമെന്ന ചിന്തയാണ് ഇപ്പോൾ ഭൂരിഭാഗം പ്രവാസികളുടെയും മനസ്സിൽ. അതിനുശേഷം എത്ര കാലം വേണമെങ്കിലും തങ്ങൾ ഐസൊലേഷനിലോ ക്വാറന്റൈനിലോ കഴിഞ്ഞോളം എന്ന് പറയുന്നവരും കുറവല്ല..ഇവിടെ നമ്മുടെ സ്വന്തം നാടായ കേരളത്തിൽ ലഭ്യമായ എല്ലാ പ്രിവിലേജുകളും അനുഭവിച്ചു കഴിയുന്ന നമുക്ക് ഒരുപക്ഷെ അവരുടെ വേദനകൾ ഉൾകൊള്ളാൻ കഴിയണമെന്നില്ല. എന്നാൽ തൊഴിൽ വിസ കൂടി റദ്ദായാൽ ഇരുട്ടിലാകുന്നത് നിരവധി ജീവിതങ്ങളാകും. .നമ്മുടെ നാടിനു താങ്ങായി നിന്ന പ്രവാസികൾക്ക് എന്തെങ്കിലും ചെയ്യാൻ നമുക്കു സാധിക്കുമെങ്കിൽ ഇതാണ് ആ സാഹചര്യം..ഇനിയും വൈകിക്കൂടാ നാം. ചൈനപോലെയുള്ള രാജ്യങ്ങളിലേക്ക് വിമാന സർവീസ് നടത്തി അവരെ നാട്ടിലെത്തിച്ചതുപോലെ ഫ്ലൈറ്റുകൾ അയക്കുന്നുണ്ടെങ്കിൽ അത് ഇപ്പോഴാവണം ..അല്ലാതെ സ്വപ്നങ്ങളുടെ മാറാപ്പും പേറി പ്രവാസ ജീവിതത്തിലേക്ക് പോയവരെ തിരിച്ചു കൊണ്ടുവരുന്നത് അവരുടെ സ്വപ്‌നങ്ങളും ജീവിതം തന്നെയും അവിടെ അവസാനിച്ച ശേഷമാവരുത്.
https://www.facebook.com/Malayalivartha