ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു, കന്യാസ്ത്രീ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് ബിഷപ്പും എല്ലാം വിശദമായി കേട്ട കോടതി അടുത്ത ബുധനാഴ്ച വിധി പറയാമെന്ന് അറിയിച്ചു

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കുന്നതില്‍ ഹൈക്കോടതി അടുത്ത ബുധനാഴ്ച വിധിപറയും. അതിനാല്‍ ഇനി ഒരാഴ്ച കൂടി ബിഷപ്പ് കാരാഗൃഹത്തില്‍ കഴിയേണ്ടിവരും. ബിഷപ്പ് നല്‍കിയ ജാമ്യാപേക്ഷയിലും സര്‍ക്കാരിന്റെ എതിര്‍വാദത്തിലും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധിപറയുന്നത് മാറ്റിവെച്ചത്. ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കും. പുറത്തിറങ്ങിയാല്‍ ബിഷപ്പ് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അതുവഴി കേസ് അട്ടിമറിക്കാനും സാധ്യതയുണ്ട്. പരാതിക്കാരിയെ പിന്തുണച്ച അഞ്ച് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരുടെ മൊഴിയെടുക്കാനുമുണ്ട്. പരാതിക്കാരിക്കും ഒപ്പം നിന്നവര്‍ക്കും വസ്തുവകകളും മറ്റും വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനും ബിഷപ്പ് ശ്രമിച്ചിരുന്നെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയ അറിയിച്ചു.
എന്നാല്‍ പരാതിക്കാരി തന്നോട് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് ബിഷപ്പ് വാദിച്ചു. ആരോപണം ഉന്നയിക്കുന്ന കന്യാസ്ത്രീക്കെതിരെ സഭയില്‍ പരാതി ഉണ്ടിയിരുന്നു. ഇതേ തുടര്‍ന്ന് അച്ചടക്കനടപടിയെന്ന നിലയില്‍ പദവികളില്‍ നിന്ന് നീക്കിയിരുന്നു. അതാണ് തനിക്കെതിരായ പരാതിക്ക് അടിസ്ഥാനമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ആദ്യ ബലാല്‍സംഗം നടന്നെന്ന് പറയുന്നതിന്റെ അടുത്ത ദിവസം കന്യാസ്ത്രീയുടെ സഹോദരന്റെ മാമോദീസാ ചടങ്ങില്‍ ബിഷപ്പ് പങ്കെടുത്തിരുന്നു. അതിന്റെ വീഡിയോയും ഇന്ന് കോടതിയില്‍ ഹാജരാക്കി. രണ്ട് മാസത്തിന് ശേഷം മറ്റൊരു ചടങ്ങിലും ബിഷപ്പിനൊപ്പം കന്യാസ്ത്രീ പങ്കെടുത്തതിന്റെ വീഡിയോയും കോടതിക്ക് കൈമാറി. ഇതെല്ലാം പരിശോധിച്ച ശേഷമാണ് വിധി പറയുന്നത് മാറ്റിവെച്ചത്.
സാധാരണ ബലാല്‍സംഗ കേസുകളില്‍ ജാമ്യം ലഭിക്കാന്‍ പ്രയാസമാണ്. പാലാ മജിസ്‌ട്രേട്ട് കോടതി ആദ്യം ജാമ്യം നിഷേധിച്ചത് അതുകൊണ്ടാണ്. പിന്നീടാണ് ഹൈക്കോടതിയെ സമീപിച്ചത്. ബലാല്‍സംഗത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിന് അഞ്ചാം തവണയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതിനാല്‍. എന്നാല്‍ ബിഷപ്പ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തതിനാല്‍ ജാമ്യം കിട്ടുക എളുപ്പമല്ല.
https://www.facebook.com/Malayalivartha

























