കേടായ ബസിന് പകരം മറ്റൊരു ബസ് ആവശ്യപ്പെട്ട യാത്രക്കാരെ കൊല്ലാക്കൊല ചെയ്യുന്ന മരണവണ്ടിയുടെ ദൃശ്യങ്ങൾ പുറത്ത്; തല്ലരുതേയെന്ന് കാലുപിടിച്ച് അപേക്ഷിച്ചിട്ടും വൈറ്റില ജംഗ്ഷന് സമീപം നടുറോഡിൽ മൃഗീയമായി യുവാക്കളെ മർദ്ദിച്ച് കല്ലട കമ്പനി ജീവനക്കാർ

ബംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സര്‍വ്വീസായ കല്ലടയിലെ ജീവനക്കാര്‍ യാത്രക്കാരനായ സച്ചിനെ മര്‍ദ്ദിച്ചതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നു. ബസില്‍ വെച്ച് ഉണ്ടായ വാക്കുതര്‍ക്കവും മര്‍ദ്ദനവും മാത്രമാണ് സംഭവത്തിന് ശേഷം പുറം ലോകം അറിഞ്ഞിരുന്നത്. എന്നാല്‍ ബസ് ജീവനക്കാര്‍ സച്ചിനെ വൈറ്റില ജംഗ്ഷന് സമീപം നടുറോഡില്‍ മൃഗീയമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. സച്ചിനെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ വഴിയില്‍ ഇറക്കി വിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ ജീവനക്കാരുടെ കാല് പിടിച്ച് സച്ചിന്‍ അപേക്ഷിച്ചെങ്കിലും അക്രമം തുടരുകയായിരുന്നു.
ബസിനുള്ളിലെ മർദനത്തിന് ഒടുവിൽ .സച്ചിൻ, മുഹമ്മദ് അഷ്കർ എന്നീ യുവാക്കളെ ബസിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കുന്നത് പുലർച്ചെ നാലേകാലോടെയായിരുന്നു. പിന്നെ മുക്കാൽ മണിക്കൂറോളം ബസ് ജീവനക്കാരും ഗുണ്ടകളും ചേർന്നുള്ള ഗുണ്ടായിസമായിരുന്നു. സുരേഷ് കല്ലട ഓഫീസ് മുതൽ വൈറ്റില ജംഗ്ഷൻ വരെയുള്ള ഏതാണ്ട് 500 മീറ്ററോളം യുവാക്കളെ ഓടിച്ചിട്ടടിച്ചു. രക്ഷപെടാൻ രണ്ടുപേരും വഴിപിരിഞ്ഞോടി. പക്ഷെ വഴിയിൽ കുഴഞ്ഞുവീണ സച്ചിനെ വീണ്ടും അക്രമിസംഘം തേടിപ്പിടിച്ചു. അതാണ് ഇക്കാണുന്നത്. തറയിൽ കുത്തിയിരുന്ന് പലവട്ടം സച്ചിൻ കൈകൂപ്പുന്നത് കാണാം. പിന്നെ തല്ലരുതെന്ന് കാൽപിടിച്ച് അപേക്ഷിക്കുന്നു, എന്നാൽ കരുണയില്ലാതെ അക്രമിസംഘം നിലത്തിട്ട് ചവിട്ടുമ്പോൾ തലയിടിച്ച് സച്ചിൻ പിന്നിലേക്ക് മറിയുന്നു. ഈ സമയമെല്ലാം അടിക്കാൻ പാകത്തിൽ ബിയർ കുപ്പിയും കയ്യിൽ തൂക്കിപ്പിടിച്ച് ഒരാൾ സ്ഥലത്ത് തന്നെയുണ്ട്.
അഞ്ചു മിനിറ്റോളം ഇങ്ങനെ തുടർന്ന ശേഷം സ്ഥലത്ത് ക്യാമറകളുണ്ടെന്ന് തിരിച്ചറിഞ്ഞ സംഘം സച്ചിനെ വലിച്ചിഴച്ച് മറ്റെവിടേക്കോ മാറ്റാൻ ശ്രമിക്കുന്നു. ഇതിനിടയിൽ കുതറിയോടാൻ ശ്രമിക്കുന്ന സച്ചിനെ വീണ്ടും വരുതിയിലാക്കാൻ അക്രമികളിലൊരാൾ ശ്രമിക്കുന്നു. കഷ്ടിച്ച് രക്ഷപെട്ട സച്ചിൻ ദേശീയ പാതയിലൂടെ ശരവേഗത്തിൽ ജീവനും കൊണ്ട് പായുന്നതും കാണാം.
https://www.facebook.com/Malayalivartha


























