ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കുരുക്കു മുറുകി; കല്ലട ബസ് സർവീസ് കമ്പനിയുടമ സുരേഷ് കല്ലട പോലീസിൽ ഹാജരായി

അന്തർ സംസ്ഥാന ബസ് സർവീസ് നടത്തുന്ന കല്ലട ബസ് സർവീസ് കമ്പനിയുടമ സുരേഷ് കല്ലട പോലീസിൽ ഹാജരായി. യാത്രക്കാരെ ക്രൂര മർദ്ദനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഉടമയെ ഹാജരാകാൻ നിർദേശിച്ചതിനു പിന്നാലെയാണ് സുരേഷ് കല്ലട തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ ഹാജരായത്.
ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാൻ രാവിലെ ശ്രമിച്ചെങ്കിലും കുരുക്കു മുറുകിയതായി മനസ്സിലായതോടെയാണു സുരേഷ് കല്ലട ഹാജരായത്. പൊലീസ് സുരേഷിന്റെ മൊഴിയെടുക്കുകയാണ്. അതേസമയം വിവിധ നിയമലംഘനങ്ങൾക്കു കല്ലടയ്ക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
അതിനിടെ, കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ ക്രൂരമായി മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാർ, വൈറ്റില ജംക്‌ഷനു സമീപം നടുറോഡിൽ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങളാണു ലഭ്യമായത്. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല.
കേടായ ബസിനു പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്കു നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം. സുരേഷ് കല്ലട ഓഫിസ് മുതൽ വൈറ്റില ജംക്‌ഷൻ വരെയുള്ള ഏതാണ്ട് 500 മീറ്ററോളം യുവാക്കളെ ഓടിച്ചിട്ടടിച്ചു. രക്ഷപെടാൻ രണ്ടുപേരും വഴിപിരിഞ്ഞോടി. വഴിയിൽ കുഴഞ്ഞുവീണയാളെ തേടിപ്പിടിച്ചു. തറയിൽ കുത്തിയിരുന്നു പലവട്ടം യുവാവ് കൈകൂപ്പുന്നതു വിഡിയോയിൽ കാണാം. പിന്നെ തല്ലരുതെന്നു കാൽപിടിച്ച് അപേക്ഷിക്കുന്നതും. എന്നാൽ കരുണയില്ലാതെ അക്രമിസംഘം നിലത്തിട്ടു ചവിട്ടുന്നതോടെ തലയിടിച്ചു യുവാവ് പിന്നിലേക്കു മറിയുന്നതാണു ദൃശ്യങ്ങളിൽ.
https://www.facebook.com/Malayalivartha



























