കള്ളവോട്ട് വിവാദം കൊഴുക്കുന്നു; ഇടുക്കിയിലും സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി യുഡിഎഫ്

ഇടുക്കിയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി യുഡിഎഫ്. തമിഴ്‌നാട്ടിലും കേരളത്തിലും വീടുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി സിപിഎം വോട്ട് ചെയ്യിപ്പിച്ചെന്നാണ് ആരോപണം.
ഇടുക്കിയിലെ തോട്ടം മേഖലകളില്‍ തമിഴ്‌നാട്ടിലും കേരളത്തിലും വീടുകളുള്ള നിരവധി തൊഴിലാളികളുണ്ട്. ഇവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും തമിഴ്‌നാട്ടിലാണ് വോട്ട്. ഇക്കാര്യം അറിഞ്ഞിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം ഇവരെ കേരളത്തിലെ വോട്ടര്‍ പട്ടികയിലും ഉള്‍പ്പെടുത്തിയെന്നാണ് യുഡിഎഫ് ആരോപണം.
ഏപ്രില്‍ 18നായിരുന്നു തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ഇവരെ അഞ്ച് ദിവസത്തിന് ശേഷം കേരളത്തിലെത്തിച്ച് വോട്ടു ചെയ്യിപ്പിച്ചുവെന്നാണ് യുഡിഎഫ് ആരോപണം.
ഇടുക്കിയില്‍ ആരൊക്കെ ഇപ്രകാരം വോട്ട് രേഖപ്പെടുത്തി എന്ന് കണ്ടെത്താനായി ബൂത്ത് തല കണക്കുകള്‍ ശേഖരിച്ചുവരികയാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബൂത്ത് തല പരിശോധനയ്ക്കിടെ 40,000 യുഡിഎഫ് വോട്ടര്‍മാരെ അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി കണ്ടെത്തിയെന്നും യുഡിഎഫ് അറിയിച്ചു.
കരട് വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്നവരെ അന്തിമ പട്ടികയില്‍ നിന്ന് അകാരണമായി ഒഴിവാക്കുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി തെരഞ്ഞടുപ്പ് കമ്മീഷന് ഉടന്‍ പരാതി നല്‍കുമെന്നും യുഡിഎഫ് അറിയിച്ചു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സിപിഎം പ്രതികരണം.
https://www.facebook.com/Malayalivartha



























