കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത കൂടുതല്‍ പേര്‍ കുടുങ്ങും. കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പിലാത്തറയിലെ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതോടെ സിപിഎം അണികള്‍ അങ്കലാപ്പിലായി

കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത കൂടുതല്‍ പേര്‍ കുടുങ്ങും. കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പിലാത്തറയിലെ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതോടെ സിപിഎം അണികള്‍ അങ്കലാപ്പിലായി. ചെറുതാഴം പഞ്ചായത്ത് അംഗമായ സലീനയ്‌ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ശുപാര്‍ശ അണികളെ ഭീതിയിലാഴ്ത്തി. പാര്‍ട്ടി കേന്ദ്രങ്ങളിലെ അയ്യായിരത്തോളം കള്ളവോട്ടുകളുടെ തെളിവുകള്‍ ഇതിനകം യുഡിഎഫ് ശേഖരിച്ചിട്ടുണ്ട്. കള്ളവോട്ടിനെതിരെ നടപടി ശക്തമാക്കിയതോടെ അടുത്ത ദിവസം തന്നെ കൂടുതല്‍ പരാതിയുമായി യുഡിഎഫ് കമ്മീഷനെ സമീപിക്കും. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 12ബൂത്തുകളില്‍ വ്യാപകമായ കള്ളവോട്ടാണ് നടന്നത്. ഇവിടത്തെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ യുഡിഎഫ് പരിശോധിച്ചു വരികയാണ്.
കള്ളവോട്ട് ആരോപണത്തെ ജാഗ്രതയോടെ നേരിടണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി മണിക്കൂറുകള്‍ക്കകമാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ടീക്കാറാം മീണ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്ത സലീന സുമയ്യ പത്മിനി എന്നിവര്‍ക്ക് സിപിഎം നേതാക്കള്‍ വീട്ടിലെത്തി കഴിഞ്ഞ ദിവസം പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. കേസുമായി എതിരാളികള്‍ കോടതിയെ സമീപിച്ചാല്‍ നിയമ സഹായം ലഭ്യമാക്കുമെന്നാണ് ഉറപ്പ്. ഇതിനിടെയാണ് കള്ളവോട്ട് നടന്നതായി ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ സ്ഥിരീകരിച്ചത്. കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ ശേഖരിക്കാന്‍ ഇന്നലെ സിപിഎം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ചെറുതാഴം പഞ്ചായത്ത് 16ാം വാര്‍ഡ് അംഗമായ എന്‍.പി സലീനയ്‌ക്കെതിരെയുള്ള നടപടി ശുപാര്‍ശ സിപിഎമ്മിനു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യുഡിഎഫ് ശേഖരിച്ച തെളിവുകളില്‍ കൂടുതല്‍ ജനപ്രതിനിധികള്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളുണ്ട്. ഇവ തെളിയിക്കാനായാല്‍ കൂടുതല്‍ ജനപ്രതിനിധികള്‍ക്കെതിരെ നടപടിയുണ്ടാവും. കള്ളവോട്ടുകളെ ഓപ്പണ്‍വോട്ടെന്ന് പറഞ്ഞ് പ്രതിരോധിക്കാനുള്ള സിപിഎം ശ്രമമാണ് ഇതോടെ പാളിയത്. കള്ളവോട്ട് തെളിയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അണികള്‍ക്ക് ധൈര്യം പകരുകയായിരുന്നു ഇന്നലെ വരെ സിപിഎം. വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങള്‍ക്ക് പുറമെ മറ്റ് തെളിവുകളില്ലെന്നും ഇതിനാല്‍ ഭയപ്പെടേണ്ടതില്ലെന്നും സിപിഎം അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലെ അപ്രതീക്ഷിത നടപടി സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തെ ഉള്‍പ്പെടെ പിടിച്ചു കുലുക്കുകയാണ്. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയാണ് കൂടുതല്‍ വിവാദം ഉണ്ടാക്കിയതെന്ന അഭിപ്രായവും അണികള്‍ക്കുണ്ട്. ഇതു കൊണ്ട് തന്നെ സംസ്ഥാന നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നടപടി സ്വീകരിച്ചത്. മറ്റു പരാതികള്‍ കലക്ടര്‍മാര്‍ പരിശോധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha



























