സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും പരാതി പിന്‍വലിക്കില്ലെന്നും യുവതി

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും പരാതി പിന്‍വലിക്കില്ലെന്നും യുവതി. വിവാഹ വാഗ്ദാനം നല്‍കി ബിനോയി പീഡിപ്പിച്ചെന്നാണ് പരാതി. ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ട് വയസ്സുള്ള മകനുണ്ടെന്നും .യുവതി പറയുന്നു. തനിക്കെതിരെ ബിനോയി നല്‍കിയ കേസിനെ നേരിടുമെന്നും അവര്‍ പറഞ്ഞു. യുവതിക്കെതിരെ കണ്ണൂര്‍ പൊലീസ് കേസ് എടുത്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ബിനോയിക്കെതിരെ ഡിജിറ്റല്‍ തെളിവുകളും തന്റെ പക്കലുണ്ടെന്ന് അവര്‍ അറിയിച്ചു. യുവതി തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് കാട്ടിയാണ് ബിനോയി കണ്ണൂര്‍ ഐ.ജിക്ക് മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ പൊലീസ് അന്വേഷണം നടത്താത്തതില്‍ ദുരൂഹതയുണ്ട്.
മുംബയില്‍ താമസിക്കുന്ന ബിഹാറുകാരിയായ യുവതിയാണ് പരാതിക്കാരി. ദുബയില്‍ ഡാന്‍സ് ബാറിലെ ജീവനക്കാരിയായിരുന്നു യുവതി. മുംബയില്‍ താമസിക്കാന്‍ ഫഌറ്റ് എടുത്ത് കൊടുത്തത് ബിനോയി ആണെന്നും മാസന്തോറും വാടക നല്‍കുമായിരുന്നെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ പരാതിക്കാരിയെ പരിചയമുണ്ടെന്നും ബാക്കിയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബിനോയി പറയുന്നു. യുവതി അയച്ച ഭീഷണി കത്ത് അടക്കം ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തിരിക്കുന്നത്. 2010ലാണ് മകന്‍ ജനിച്ചതെന്ന് യുവതി പറയുന്നു. ഡി.എന്‍.എ അടക്കമുള്ള പരിശോധനകള്‍ക്ക് തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കി. കേസ് മുംബയിലായതിനാല്‍ എങ്ങനെ നേരിടുമെന്ന് അറിയാതെ ബിനോയ് പ്രതിസന്ധിയിലാണെന്നാണ് അറിയുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആയൂര്‍വേദ ചികിത്സയിലായതിനാല്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ബിനോയ് പരാതി നല്‍കിയത് അറിഞ്ഞാണ് യുവതിയും പരാതി നല്‍കിയതെന്ന് ആക്ഷേപമുണ്ട്. ഇരുവരെയും വ്യക്തമായി ചോദ്യം ചെയ്താലേ കേസിന്റെ വിശദാംശങ്ങള്‍ പുറത്തറിയാനാകൂ. കേസില്‍ പാര്‍ട്ടി യാതൊരു വിധത്തിലും സഹായിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി യെച്യൂരി അറിയിച്ചതിന് പിന്നാലെ പി.ബി അംഗം ബൃന്ദാ കരാട്ടും വ്യക്തമാക്കി. വ്യക്തിപരമായ കേസാണ്. അതില്‍ ശരിയാണോ, തെറ്റാണോ എന്ന് തെളിയിക്കേണ്ടത് ആരോപണ വിധേയരായവരുടെ ബാധ്യതയാണ്. പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും അവര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ മറ്റ് നേതാക്കളാരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബി.ജെ.പിയോ, കോണ്‍ഗ്രസോ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും മാത്രമാണ് ഫെയിസ്ബുക്കിലൂടെ പ്രതികരിച്ചത്. യു.എ.ഇ പൗരന്റെ കയ്യില്‍ നിന്ന് വാങ്ങിയ പണം കൊടുത്ത് തീര്‍ത്ത വ്യവസായി തന്നെ ഇതും അങ്ങ് ഏറ്റെടുക്കണമെന്നാണ് സുരേന്ദ്രന്‍ പരിഹസിച്ചത്. ആരാണ് ഈ ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് ജ്യോതികുമാര്‍ ചാമക്കാല ചോദിച്ചത്. ബിനോയിക്കെതിരായ വാര്‍ത്ത വന്ന പ്രമുഖ പത്രത്തില്‍ ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് പേര് പറഞ്ഞിരിക്കുന്നത്. ബിനോയി കോടിയേരി എന്നറിയപ്പെട്ടിരുന്നയാള്‍ എങ്ങനെയാണ് ബിനോയി വിനോദിനി ബാലകൃഷ്ണന്‍ ആയതെന്ന് സമൂഹമാധ്യമങ്ങളിലടക്കം പലരും സംശയം പ്രകടിപ്പിക്കുന്നു.
https://www.facebook.com/Malayalivartha

























