ശ്രീറാമിന്റെ കാര്യത്തിൽ തീരുമാനമായി; ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്; മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിക്കാനിടയായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള നിയമപ്രകാരമുള്ള അനുമതിയും ആര്‍ടിഒ നല്‍കിയിട്ടുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം 15 ദിവസത്തെ സമയപരിധി വച്ചു നൽകിയ നോട്ടിസിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.
സംഭവം നടന്ന് 15 ദിവസം പിന്നിടുമ്പോഴും ലൈസന്‍സ് റദ്ദാക്കാത്തത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. നടപടി വൈകിയതില്‍ ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് റിപ്പോര്‍ട്ടും തേടിയിരുന്നു. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന് വീണ്ടും നോട്ടീസ് അയച്ചു. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായാണ് നോട്ടീസ് അയച്ചത്. ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതെ മോട്ടോര്‍ വാഹനവകുപ്പ് ഒത്തുകളിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.
വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നേരിട്ട് നോട്ടിസ് കൈപ്പറ്റിയിട്ടില്ലന്നുമായിരുന്നു വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതു വൈകിയതുകൊണ്ടാണു നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു.
അതേസമയം മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയുള്ള പൊലീസ് റിപ്പോര്‍ട്ടിനെതിരെ ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംഒഎ രംഗത്ത് വന്നു. കേസ് അന്വേഷണത്തില്‍ സംഭവിച്ച വീഴ്ച്ച പോലീസ് ഡോക്ടറുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു. പൊലീസ് റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് കെജെഎംഒഎ ഭാരവാഹികള്‍ വ്യക്തമാക്കി.
ശ്രീറാം വെങ്കിട്ടരാമനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ കേസില്‍ നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ഡോക്ടര്‍ ചെയ്തിട്ടുണ്ട്. പോലീസ് രേഖാമൂലം എഴുതി ആവശ്യപ്പെട്ടാല്‍ മാത്രമേ രക്തമപരിശോധന നടത്താനാകൂ. എന്നാല്‍ രക്തപരിശോധന നടത്താന്‍ പോലീസ് വാക്കാല്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കെജിഎംഒഎ സെക്രട്ടറി ഡോ. വിജയകൃഷ്ണന്‍ വ്യക്തമാക്കി.
അപകടസമയത്ത് കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയിലായിരുന്നെന്നും പരിക്കുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും മദ്യത്തിന്റെ മണമുള്ളതായി ഡോക്ടര്‍ എഴുതിയെങ്കിലും രക്തമെടുക്കാന്‍ തയ്യാറായില്ലെന്നുമായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞത്. എന്നാല്‍ ശ്രീറാമിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ രക്തപരിശോധന നടത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് ജനറല്‍ ആശുപത്രയിലെ ഡോക്ടര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























