പിണറായി സഖാവ് ഉയിർ ;സഖാവ് ഒരു കാര്യം പറഞ്ഞാൽ പിന്നെ ഗവർണറല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ; മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് വിടി ബല്‍റാം എംഎല്‍എ

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റ് ബന്ധമുളളവരാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. എന്നാല്‍ മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുളള തെളിവൊന്നും ഇല്ലെന്ന് പ്രതിപക്ഷം അടക്കം ചൂണ്ടിക്കാട്ടുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്തിരിക്കുകയാണ്.
ഈ വിഷയം സഭയില്‍ ഉന്നയിച്ച പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചത് താന്‍ ഇക്കാര്യവുമായി അമിത് ഷായുടെ കാല് പിടിക്കണോ എന്നാണ്. എന്നാല്‍ ശേഷം യുഎപിഎ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ട എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. എന്‍.ഐ.എ കേസേറ്റെടുത്ത് ഒന്നര മാസം പിന്നിടുമ്ബോഴാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. കേന്ദ്രത്തോട് ഈ വിഷയത്തില്‍ നേരിട്ട് ആവശ്യമുന്നയിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ആദ്യം മുഖ്യമന്ത്രി നിരസിച്ചിരുന്നു. നിയമസഭയില്‍ ഈ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ ഡോ. എം.കെ. മുനീറിന് മറുപടിയായി കേസ് തിരിച്ചുവിളിക്കാനാവില്ലെന്നും അതിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മുന്നില്‍ കത്തുമായി താന്‍ പോകണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഷായുടെ കാല് പിടിക്കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
പിന്നാലെ മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത് വന്നിട്ടുണ്ട്. നയപ്രഖ്യാപനത്തിന്‍ മേലുളള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന്റൈ വാക്കുകള്‍ ആയുധമാക്കി തന്നെയാണ് വിടി ബല്‍റാം വിമർശനം ഉയർത്തിയിരിക്കുന്നത്. പിണറായി സഖാവ് ഉയിര്‍,സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഗവര്‍ണറല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
'ചിലതീവ്രവാദ സംഘടനകള്‍ കേരളത്തിലെ സമരങ്ങളില്‍ നുഴഞ്ഞുകയറുന്നുവെന്ന' പിണറായി വിജന്റെ വാക്കുകള്‍ പ്രധാനമന്ത്രി ആയുധമാക്കുകയായിരുന്നു. കേരളത്തില്‍ അനുവദിക്കാത്ത സമരങ്ങള്‍ ഇനി ദില്ലിയില്‍ അനുവദിക്കണമെന്ന് വാശി പിടിക്കുന്നതെന്തിനെന്നും മോദി ചോദിച്ചിരുന്നു.
'ഇടതുപക്ഷത്തെ ചില സുഹൃത്തുക്കള്‍ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിലെ ചില പ്രതിഷേധസമരങ്ങളില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന് അവിടത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞു. അവര്‍ക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ്. ഈ അരാജകത്വം കാരണം നിങ്ങള്‍ കേരളത്തില്‍ ബുദ്ധിമുട്ടുകയാണ്. എന്നിട്ട് ഇതേ അരാജകത്വസമരങ്ങള്‍ ദില്ലിയിലും രാജ്യത്തിന്റെ മറ്റ് പലയിടങ്ങളിലും നടത്തണമെന്ന് എങ്ങനെയാണ് നിങ്ങള്‍ക്ക് ആവശ്യപ്പെടാനാകുക?', ഇതായിരുന്നു മോദിയുടെ വാക്കുകള്‍.
ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റിൽ പറയുന്നത് ഇങ്ങനെ;
എൻഐഎ ഏറ്റെടുത്ത അലൻ, താഹ എന്നീ വിദ്യാർത്ഥികൾക്കെതിരായ കേസ് കേന്ദ്രത്തിൽ നിന്ന് തിരിച്ചുനൽകാൻ അഭ്യർത്ഥിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയൻറെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. ഇന്നലെ ഇക്കാര്യം നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ അതിനോട് നിഷേധാത്മക സമീപനം സ്വീകരിച്ച മുഖ്യമന്ത്രി വൈകിയെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ തയ്യാറായതിൽ സന്തോഷമുണ്ട്. "അമിത് ഷായ്ക്ക് മുൻപിൽ താൻ കൈ നീട്ടണോ" എന്ന ഇന്നലത്തെ അദ്ദേഹത്തിന്റെ ചോദ്യം അപകർഷതയിൽ നിന്നും ദുരഭിമാനത്തിൽ നിന്നുമുയർന്നതാണ്. എന്നാൽ അത് തിരിച്ചറിഞ്ഞ് തിരുത്താനും സംസ്ഥാന ഭരണാധികാരി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം നിർവഹിക്കാനും അദ്ദേഹം തയ്യാറായി എന്നത് അഭിനന്ദനം അർഹിക്കുന്നു. അന്തമില്ലാത്ത ആരാധകർ ചാർത്തിത്തരുന്ന ഇരട്ടചങ്കൻ ഇമേജിന്റെ തടവറയിൽ കഴിയാതെ ഇതുപോലത്തെ പ്രതിപക്ഷ വിമർശനങ്ങളുടെ അന്തസ്സത്ത ഉൾക്കൊണ്ട് ജനാധിപത്യപരമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രിക്ക് തുടർന്നും കഴിയട്ടെ എന്നാശംസിക്കുന്നു.
വിദ്യാർത്ഥികൾക്കെതിരെ സംസ്ഥാന പോലീസ് യുഎപിഎ ചുമത്തിയതിനാലും പ്രതികൾ മാവോയിസ്റ്റുകൾ തന്നെയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി തന്നെ പരസ്യമായി മുദ്രകുത്തിയതിനാലുമാണ് എൻഐഎയ്ക്ക് കടന്നുവരാനുള്ള ഇടമൊരുങ്ങിയത്. എന്നാൽ ഇത്ര ഗുരുതരമായ കേസുകൾ ചാർജ് ചെയ്യാൻ മാത്രമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ പ്രതികൾ ഏർപ്പെട്ടിരുന്നോ എന്ന പൊതുസമൂഹത്തിന്റെ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഏതാനും ലഘുലേഖകൾ കണ്ടെടുത്തു എന്നല്ലാതെ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കുന്ന എന്തെങ്കിലും തെളിവ് പൊലീസിന് ഇതുവരെ ലഭിച്ചതായും സൂചനയില്ല. അത്യാവശ്യം വായനയും സാമൂഹിക ബോധവുമുള്ള ചെറുപ്പക്കാരെ സംബന്ധിച്ച് അത്തരം പുസ്തകങ്ങളും ലഘുലേഖകളും കയ്യിലുണ്ടാവുക എന്നത് ഒരു ജനാധിപത്യ സമൂഹത്തിൽ അത്ര കുറ്റകരമായി കാണേണ്ടതല്ല. ചോരത്തിളപ്പ് മൂലം ഏതെങ്കിലും വിധ്വംസകാശയങ്ങളോട് അടുപ്പം തോന്നിയിട്ടുണ്ടെങ്കിൽ തന്നെ അവരുടെ പ്രായത്തെ മാനിച്ച് അവർക്ക് കൗൺസലിംഗും ബോധവൽക്കരണവും ഒക്കെ നൽകി ഉത്തമ പൗരത്വത്തിന്റെ പാതയിലേക്ക് ആ ചെറുപ്പക്കാരെ തിരിച്ചു കൊണ്ടുവരാനാണ് നമ്മുടെ നിയമ സംവിധാനങ്ങൾക്ക് കഴിയേണ്ടത്, അല്ലാതെ ഒറ്റയടിക്ക് അവരെ പിടിച്ച് ജയിലിലടച്ച് നമ്മുടെ വ്യവസ്ഥിതിയിൽ നിന്ന് അവരെ കൂടുതൽ അന്യവൽക്കരിക്കാനല്ല. കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും പുറകിലെ സാമൂഹിക, സാമ്പത്തിക കാരണങ്ങൾ കൂടി മനസ്സിലാക്കി മനഃശാസ്ത്രപരമായി ഇടപെടുന്ന ഒരു ശാസ്ത്രീയ പൊലീസിംഗാണ് ഈ ആധുനിക കാലത്ത് നമ്പർ വൺ കേരളത്തിൽ ഉണ്ടാവേണ്ടത്.
https://www.facebook.com/Malayalivartha



























