കാസര്‍കോട് ജില്ലയിലെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ പട്ടിക പുറത്തായതിന് പിന്നാലെ സ്ത്രീകളായ രോഗികളുടെ ഫോണുകളിലേക്ക് സന്ദേശങ്ങളും കോളുകളും വരുന്നതായി ആക്ഷേപം... വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചു

കാസര്‍കോട് ജില്ലയിലെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ പട്ടിക പുറത്തായതിന് പിന്നാലെ സ്ത്രീകളായ രോഗികളുടെ ഫോണുകളിലേക്ക് സന്ദേശങ്ങളും കോളുകളും വരുന്നതായി ആക്ഷേപമുയരുന്നു. രോഗം സ്ഥിരീകരിച്ച 34 പേരുടെ പട്ടിക എഡിറ്റ് ചെയ്താണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
വെള്ളിയാഴ്ച്ച രാത്രിയാണ് ആരോഗ്യവകുപ്പ് ലിസ്റ്റ് പൊലീസിന് കൈമാറിയത്. പൊലീസിന് കൈമാറിയ ലിസ്റ്റ് എഡിറ്റ് ചെയ്താണ് പുറത്ത് വിട്ടത്. ചിലരുടെ പേരുകള്‍ ഒഴിവാക്കി കൊണ്ടാണ് ലിസ്റ്റ് പുറത്തുവിട്ടത്. ഇതില്‍ ആളുകളുടെ പേരും വയസ്സും ഫോണ്‍ നമ്പറുമടക്കം ഉണ്ടായിരുന്നു. ഇത് വരെ രോഗം സ്ഥിരീകരിച്ച ഒരാളുടെ പേര് പോലും പുറത്ത് വിട്ടുരുന്നില്ല. ഇതില്‍ നിന്ന് കിട്ടിയ നമ്പര്‍ ഉപയോഗിച്ച് സ്ത്രീകളെ ശല്യം ചെയ്യാന്‍ കൂടി തുടങ്ങിയെന്നാണ് ഇപ്പോള്‍ പരാതിയുയരുന്നത്. സംഭവം അറിഞ്ഞ ഉടനെ ഡി.എം.ഒ, ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പേരുകള്‍ പുറത്തുപോയ നടപടി ശരിയല്ലെന്നും അന്വേഷിക്കുമെന്നും എസ്.പി വ്യക്താമാക്കി. സംഭവത്തില്‍ ആരോഗ്യ വകുപ്പും പൊലീസും ശക്തമായ നടപടിയിലേക്ക് പോകുമെന്നാണ് കരുതുന്നത്.
നേരത്തെ, കാസര്‍കോട് ജില്ലയിലെ കോവിഡ് സ്ഥിരീകരിച്ചവരുടെ പേരും വിവരങ്ങളും ചോര്‍ന്നുവെന്ന് മീഡിയവണ്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഡി.എം.ഒ പൊലീസിന് കൊടുത്ത രോഗികളുടെ പട്ടികയാണ് പുറത്തായിരിക്കുന്നതെന്നും രോഗികളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ പട്ടിക സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവന്നും മീഡിയവണ്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പട്ടിക പുറത്താവുക മാത്രമല്ല അതിലെ വിവരങ്ങള്‍ തിരുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കോവിഡ് 19 രോഗികളുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുമുണ്ട്.
അതിനിടെ, പൊലീസിന് കൈമാറിയ ലിസ്റ്റാണ് പുറത്തുവന്നതെന്ന ഡി.എം.ഒയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തിന് ജില്ല പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. അന്വേഷണ സംഘം ഉടന്‍് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. പുറത്ത് വന്ന ലിസ്റ്റില്‍ എഡിറ്റിംഗ് നടന്നിട്ടില്ലെന്നും പട്ടികയിലെ 29ആം നമ്പറിലെ പേര് ആവര്‍ത്തിച്ചതിനാലാണ് ഒഴിവാക്കിയതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
അതേസമയം, രാജ്യത്ത് കോവിഡ്-19 രോഗബാധ ഏറ്റവും അപകടകരമായി മാറിയ ഇടങ്ങളില്‍ കാസര്‍കോടും ഉള്‍പ്പെട്ടു. ഇവിടെ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനും നിരീക്ഷണത്തില്‍ വിടുന്നതിനുമുള്ള ദ്രുത നടപടികള്‍ക്കാണു പ്രഥമ പരിഗണന. ഉത്തര്‍ പ്രദേശിലെ നോയിഡയിലെ ജിബി നഗര്‍, രാജസ്ഥാനിലെ ഭില്‍വാഡ എന്നിവിടങ്ങളിലും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതലാണ്. ഈ 'ഹോട്ട്സ്പോട്ടുകളി'ലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























