കോവിഡ് രോഗമുക്തി നേടിയ യുവതി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി... അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍

കോവിഡ് രോഗമുക്തി നേടിയ യുവതി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ബുധനാഴ്ച പകല്‍ 11.50ന് ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം. കേരളത്തിലെ കോവിഡ് രോഗമുക്തി നേടിയ രണ്ടാമത്തെ പ്രസവമാണ് ഇവിടെ നടക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഏപ്രില്‍ 17 നാണ് കോവിഡ് പോസിറ്റിവ് ആയ കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിനിയായ യുവതിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10 ദിവസത്തെ ചികിത്സക്കു ശേഷം 27 ന് അയച്ച അവസാനഫലവും നെഗറ്റിവാണെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍, പ്രസവമടുത്തതിനാല്‍ ആശുപത്രിയില്‍ തുടര്‍ന്നു. ബുധനാഴ്ച രാവിലെ 11 ഓടെയാണ് യുവതിയെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ ഓപറേഷന്‍ തിയറ്ററിലേക്ക് മാറ്റിയത്. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമ്മദിന്റെ നിര്‍ദേശപ്രകാരം കുഞ്ഞിനെ പിന്നീട് പ്രത്യേകം സജ്ജീകരിച്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കഴിഞ്ഞ 11 ന് കാസര്‍കോട് സ്വദേശിനിയായ യുവതി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രി വിട്ടു. ആശുപത്രിയിലെ സ്ത്രീ രോഗ വിഭാഗത്തിന്റെ മികച്ച നിലവാരമാണിത് കാണിക്കുന്നതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha



























