മറയൂരില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കമുകുകളും വാഴയും നശിപ്പിച്ചു

കാരയൂര്‍ റിസര്‍വില്‍ തകര്‍ന്ന് കിടക്കുന്ന വേലികളിലൂടെ കടന്ന് മറയൂരില്‍ എത്തിയ കാട്ടാനക്കൂട്ടം വിളവെടുക്കാറായ 100-ലധികം കമുകും, വാഴയും, തെങ്ങും സമീപത്തുണ്ടായിരുന്ന വാറ്റുപുരയും തകര്‍ത്തു. വെട്ടുകാട്ടില്‍ മൊയ്തീന്റെ കൃഷിയിടമാണ് കാട്ടാനകള്‍ തിന്നും ചവിട്ടിയും നശിപ്പിച്ചത്.
അഞ്ച് വീടുകളും കൃഷിത്തോട്ടങ്ങളും മാത്രമാണ് പ്രദേശത്തുള്ളത്. വേണ്ടത്ര ആള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കാട്ടാനയെ ഓടിക്കാനുള്ള ശ്രമം നടക്കുന്നില്ല. വേനല്‍ കടുത്ത് ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ലാതെ കാട്ടാനകള്‍ വീണ്ടും കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങുകയാണ്.
വനാതിര്‍ത്തി കടന്ന് എത്തുന്ന വന്യ മൃഗങ്ങളെ തടയാന്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടാകുന്നില്ലെന്നും ഒരു കൃഷിയും ചെയ്യാന്‍ കഴിയാതെ സാഹചര്യമാണെന്നും കര്‍ഷകര്‍ പറയുന്നു. വന്യമൃഗങ്ങള്‍ അടിക്കടി കൃഷി വിളകള്‍ നശിപ്പിക്കൂന്നതിനാല്‍ മനം നൊന്തും അക്രമണത്തില്‍ നിന്നും ഒഴിവാകാനുമായി കര്‍ഷകര്‍ തന്നെ കൃഷി വിളകള്‍ വെട്ടി നശിപ്പിക്കുന്നത് ഇവിടെ പതിവായിരിക്കുകയാണ്.
അതിനിടെ കഴിഞ്ഞ രാത്രി 2 മണിയോടെ മൂന്നാര്‍ കോളനിയില്‍ പടയപ്പ എത്തി. അവിടെ നിര്‍ത്തിയിട്ടിരുന്ന പച്ചക്കറി ലോറിയുടെ മുകള്‍ ഭാഗം തകര്‍ത്ത് 3 ചാക്ക് കാരറ്റും 3 വാഴക്കുലയും അകത്താക്കിയ ശേഷം ഇന്നലെ രാവിലെ 7.30-ന് പെരിയവരൈ റോഡിലുള്ള ഡിവൈഎസ്പി ക്വാര്‍ട്ടേഴ്‌സിനടുത്ത് ഈറ്റ നില്‍ക്കുന്നതു കണ്ട് അവിടേക്കു കയറി ഈറ്റ വലിച്ചുവാരിത്തിന്നുന്ന പടയപ്പയുടെ ചിത്രം ആരിലും ഭീതിയുണര്‍ത്തും.

(പ്രസാദ് അമ്പാട്ട് പകര്‍ത്തിയ ചിത്രം)
https://www.facebook.com/Malayalivartha



























