ക്വാറന്‍റീൻ കേന്ദ്രം അതിശോചനീയം; ചൂണ്ടിക്കാണിച്ചപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി, താമസയോഗ്യമല്ലാത്തതിനാൽ പണം ഈടാക്കുന്ന ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് മാറുകയാണ്

പ്രവാസികളുടെ ഏറെനാളായുള്ള പ്രാർത്ഥനയുടെയും പ്രവർത്തനത്തിന്റെയും ഫലമായാണ് നാട്ടിലേക്ക് എത്താനുള്ള വഴി ഒരുങ്ങിയത്. എന്നാൽ നാട്ടിലേക്ക് എത്തിയ പല പ്രവാസികൾക്കും നേരിടേണ്ടി വന്നത് ദുരനുഭവം മാത്രം. അത്തരം ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്.
കോഴിക്കോടാണ് സംഭവം. ഫറോഖിലെത്തിയ പ്രവാസികൾക്കുള്ള ക്വാറന്‍റീൻ കേന്ദ്രത്തിലെ വൃത്തിഹീന സാഹചര്യം ചൂണ്ടിക്കാണിച്ചപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിരിക്കുകയാണ്. ഇവരെ അറസ്റ്റ് ചെയ്ത് കൊവിഡ് വാർഡിലേക്ക് മാറ്റുമെന്നായിരുന്നു പൊലീസിന്‍റെ മറുപടിയെന്ന് ബഹ്റൈനിൽ നിന്നെത്തിയ പ്രവാസികൾ പറയുകയാണ്. ഇതേതുടർന്ന് മുറിക്കുള്ളിൽ താമസിക്കാൻ കഴിയാത്തതിനാൽ പലരും പണം ഈടാക്കുന്ന ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് മാറുകയാണ്.
കോഴിക്കോട് ഫറോഖിലെ റൈസ് ഹോസ്റ്റലിൽ ഒരുക്കിയ ക്വാറന്‍റീൻ മുറിയിലാകെയും കിടക്കയിലും പൊടിശല്യവും മാറാലയുമാണ്. അതോടൊപ്പം തന്നെ പാറ്റയും പഴുതാരയും അടക്കമുള്ള ക്ഷുദ്രജീവികളെയും റൂമിൽ കാണാം. ബാത്ത് റൂം ഉപയോഗിക്കാൻ കഴിയാത്തത്ര ദയനീയമാണ് എന്നത് ചിത്രത്തിൽ വ്യക്തമാണ്. ബഹ്റെയ്നിൽ നിന്നെത്തിയ 36 പേരാണ് ഈ ഹോസ്റ്റലിൽ ഉള്ളത് തന്നെ. പൊലീസിനോടും ഹെൽത്ത് ഇൻസ്പെക്ടറിനോടും പരാതി പറഞ്ഞിട്ടും ഇതുവരെ നടപടി ഉണ്ടായില്ല. മുറിക്കുള്ളിൽ കയറില്ലെന്ന് പറഞ്ഞപ്പോഴായിരുന്നു പൊലീസിന്‍റെ വക ഭീഷണിയെന്ന് ക്വറന്‍റൈനിൽ കഴിയുന്നവർ പറഞ്ഞു.
https://www.facebook.com/Malayalivartha



























