ഭാര്യയെ സുഹൃത്തുക്കള്ക്ക് പങ്കു വച്ച് കൊടുത്ത് സ്വന്തം മകനെക്കൂടി ആ കാഴ്ചയുടെ ഭാഗമാക്കുമ്പോള് നാളെ ആ കുഞ്ഞിന്റെ വളര്ച്ചയുടെ വഴിയില് ഉണ്ടായേക്കാവുന്ന മാനസികമായ ട്രോമാ എത്രമാത്രമായിരിക്കാമെന്നു ആര്ക്കെങ്കിലും ഊഹമുണ്ടോ?

ലോക്ഡൗണ് കാലം അവസാനിക്കുന്നു. കൊറോണ എന്ന മാരകമായ വൈറസ് അവസാനിച്ചിട്ടില്ല. എന്നാല് വൈറസുകളുടെ വിളയാട്ടത്തെക്കാള് മാരകമായ മറ്റൊന്നിനും ഈ ലോക്ഡൗണ് കാലം സാക്ഷിയായി. കൊറോണ എന്ന് പേരുള്ള വൈറസ്സല്ല. മനുഷ്യമെന്ന ചില വൈറസ് കൂട്ടം. മനുഷ്യ വൈറസിന്റെ ഇരകള് സ്ത്രീകള്, കുട്ടികള്, മൃഗങ്ങള്, ദുര്ബലരായവര് എന്നതായിരുന്നു ഏറെ വേദനിപ്പിക്കുന്നത്.
ഭാര്യയെ ഉപദ്രവിക്കാനും പരിഹസിക്കാനും അവളെ ദ്രോഹിക്കാനും കൂടുതല് സമയം അവളെ അടുത്ത് കിട്ടിയതിന്റെ ഭ്രാന്തില് ചില കൂട്ടങ്ങള് നടന്നത്. അതിന്റെ ഇര തന്നെയാണ്, കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ബലാത്സംഗത്തിനിരയായാ അമ്മയും അത് കണ്ടു നില്ക്കേണ്ട ഗതികേടുണ്ടായ കുഞ്ഞുമൊക്കെ ആ ഭ്രാന്തിന്റെ ബാക്കി. ഈ സ്ത്രീയുടെ വാക്കുകള് കേരളത്തെ പൊള്ളിക്കും.
ലോക്ഡൗണ് തുടങ്ങിക്കഴിഞ്ഞു അടുത്ത ദിവസം മുതല് സ്വസ്ഥത നഷ്ടപ്പെട്ടതാണ്. രണ്ടാഴ്ചത്തേയ്ക്കുള്ള മദ്യം സ്റ്റോക്കുണ്ടായിരുന്നു അയാളുടെ കയ്യില്. ബിവറേജസ് അടച്ചതോടെ അയാള്ക്ക് ഭ്രാന്തായി. കയ്യില് എന്ത് കിട്ടിയാലും എന്റെ മുഖത്തേക്ക് വലിച്ചെറിയും. പുറത്തേക്കിറങ്ങി പോകാന് പോലും കഴിയാത്ത അവസ്ഥ. അമ്മയെ വിളിച്ച് പറഞ്ഞു കരയും. പ്രശ്നം ഇത്ര രൂക്ഷമാണെന്നു അവര്ക്കും അറിയില്ലായിരുന്നു. സത്യത്തില് അയാള്ക്കിത്ര പ്രശ്നമുണ്ടെന്ന് ഞാനും അറിഞ്ഞിരുന്നില്ല. എന്നും ഓഫീസില് നിന്ന് വന്നാല് ടിവിയുടെ മുന്നില് പിന്നെ മൊബൈല് എടുത്ത് മറ്റൊരിടത്ത് പോയി അതില് നോക്കി ഇരിക്കല് ഒക്കെയായിരുന്നു. ഞാന് ശ്രദ്ധിക്കാന് പോയിട്ടില്ല. മകനും അയാളെ ഭയമാണ്. എന്നെ ഉപദ്രവിക്കുന്നത് കാണാന് വയ്യെന്നാണ് അവന് പറയുക. ഞാനെന്തു ചെയ്യാനാണ്! ജോലിക്ക് പോകാനാകാതെ ആയതോടെ ആകെ പ്രശ്നമായി. എന്ത് ഉണ്ടാക്കിക്കൊടുത്താലും പ്രശ്നമാണ്. എന്റെ നെറ്റിയും ശരീരത്തിലെ പല ഭാഗങ്ങളും ഓരോന്ന് കൊണ്ട് തട്ടി പൊട്ടിയിരിക്കുകയാണ്. കൊല്ലുമെന്ന് തന്നെയാണ് ഞാന് കരുതിയത്. ഓരോ വാര്ത്തകള് കാണുമ്പൊള് നെഞ്ചിടിപ്പ് വല്ലാതെ കൂടും. മോനെ കെട്ടിപ്പിടിച്ച് അവന്റെ മുറിയില് പോയിരിക്കും. ലോക്ഡൗണ് ഇളവ് പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം വീട്ടില് നിന്ന് അനിയന് വന്നു എന്നെയും മകനെയും കൊണ്ട് പോയി. അമ്മയുടെ കരച്ചില് ഇപ്പോഴും അടങ്ങിയിട്ടില്ല. പക്ഷേ, ഞാന് അനുഭവിക്കുന്ന സമാധാനം പറഞ്ഞാല് മനസ്സിലാകില്ല!'- ഇത് ഒരു അനുഭവം മാത്രം ബാക്കിയുള്ള അനുഭവങ്ങളില് ചിലതില് ഇതിനേക്കാള് ചൂട് കൂടിയിരിക്കും ചിലതില് ലേശം കുറവുമായിരിക്കാം, എങ്കിലും അനുഭവിക്കുന്ന മനസ്സുകളുടെ ഉഷ്ണം ഒരേ പോലെയാണ്. അത് വേവുന്നതിന്റെ ബുദ്ധിമുട്ടും ഒരേ പോലെ തന്നെയാണ്.
എന്താണ് ഈ അടച്ചിടല് കാലത്ത് ദുര്ബലരായ മനുഷ്യര് നേരിട്ട അതിക്രമങ്ങള്? ഭാര്യയെ സുഹൃത്തുക്കള്ക്ക് പങ്കു വച്ച് കൊടുത്ത് സ്വന്തം മകനെക്കൂടി ആ കാഴ്ചയുടെ ഭാഗമാക്കുമ്പോള് നാളെ ആ കുഞ്ഞിന്റെ വളര്ച്ചയുടെ വഴിയില് ഉണ്ടായേക്കാവുന്ന മാനസികമായ ട്രോമാ എത്രമാത്രമായിരിക്കാമെന്നു ആര്ക്കെങ്കിലും ഊഹമുണ്ടോ? ഇതിനൊക്കെ എന്താണ് പരിഹാരമെന്നു പറയാന് അറിയുന്നില്ല. തിരുവനന്തപുരത്ത് അമ്മയെ ഉപദ്രവിച്ച കേസില് മകന്റെ വേദന കൂടി അമ്മയോടൊപ്പം അഡ്രസ്സ് ചെയ്യേണ്ടതാണെന്നു പറയാതെ വയ്യ. ട്രോമകളില് നിന്നും രക്ഷപെടാന് ആ കുഞ്ഞിന് കഴിയട്ടെ എന്നാഗ്രഹിക്കുന്നു. ഭാവിയില് അവനെയെങ്കിലും നല്ലൊരു 'ആണ്'-കുട്ടി ആയി അല്ലാതെ നല്ലൊരു മനുഷ്യക്കുട്ടി ആക്കി വളര്ത്താന് കഴിയട്ടെ എന്നുമാഗ്രഹിക്കുന്നു. അല്ലെങ്കില് ഇനിയങ്ങോട്ടുള്ള കാലങ്ങളില് മാതാപിതാക്കള് നല്ല ബുദ്ധി പറഞ്ഞു കൊടുക്കേണ്ടത് ആണ്കുട്ടികള്ക്കാണ് എന്നാണ് തോന്നുന്നത്.
https://www.facebook.com/Malayalivartha

























