കെട്ടിട നിര്മാണ ചട്ട ഭേദഗതി: പട്ടയ ഭൂമിയില് നിര്മാണത്തിന് വില്ലേജ് ഓഫിസറുടെ സര്ട്ടിഫിക്കറ്റ് നിബന്ധന തല്ക്കാലമില്ല

കോവിഡിന്റെ പശ്ചാത്തലത്തില് ഉള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ ചട്ടഭേദഗതി കൊണ്ടുവരുന്നതു ഗുരുതര പ്രത്യാഘാതമുണ്ടാക്കും എന്നു കരുതി കെട്ടിട നിര്മാണ ചട്ട ഭേദഗതിയില് നിന്നു സര്ക്കാര് പിന്മാറി. പട്ടയ ഭൂമിയില് നിര്മാണ അനുമതി നല്കാന് വില്ലേജ് ഓഫിസറുടെ സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കാനുള്ള തീരുമാനം തല്ക്കാലം നടപ്പാക്കേണ്ട എന്നാണ് തീരുമാനം. പരിസ്ഥിതി പ്രാധാന്യമേറിയ ഇടുക്കിയിലും വയനാട്ടിലും നിര്മാണ പെര്മിറ്റിനു വിവിധ വകുപ്പുകളുടെ ഏകജാലക ക്ലിയറന്സും പ്രായോഗികമല്ലാത്തതിനാല് വേണ്ടെന്ന് സര്ക്കാര് തീരുമാനിച്ചു.
അതേസമയം, നിര്മാണ അനുമതിക്ക് ഓണ്ലൈനില് അപേക്ഷിക്കാനും സമയബന്ധിതമായി തീര്പ്പാക്കാനും എല്ലാ പഞ്ചായത്ത്നഗരസഭകളിലെയും നിര്മാണ പെര്മിറ്റ് ട്രാക്കിങ് സാധ്യമാക്കാനുമുള്ള സംയോജിത മാനേജ്മെന്റ് സംവിധാനം നടപ്പാക്കാന് ഒരുങ്ങുകയാണ് സര്ക്കാര്. നടപടികള് വേഗത്തിലാക്കാന് ഡിജിറ്റലൈസേഷനുമായി മുന്നോട്ടു പോകുന്നതിനിടെ, നടപടി വൈകിപ്പിക്കുന്ന ഏകജാലക ക്ലിയറന്സ് പ്രായോഗികം അല്ലെന്നാണു വിലയിരുത്തല്.
2019 ഓഗസ്റ്റ് 22-നാണ്, ഏത് ആവശ്യത്തിനാണു ഭൂമി പതിച്ചു നല്കുന്നത് എന്നുള്ള വ്യവസ്ഥ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന് വില്ലേജ് ഓഫിസറുടെ സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കി പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിര്മാണ ചട്ടങ്ങളില് ഭേദഗതി വരുത്താന് സര്ക്കാര് ഉത്തരവിറക്കിയിരുന്നത്. എന്നാല്, ഇതില് മാറ്റം വരുത്താനും ഉന്നതതല കൂടിയാലോചനയും നയതീരുമാനവും ഇല്ലാതെ ചട്ടഭേദഗതി വേണ്ടെന്നു വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഏകജാലക ക്ലിയറന്സ് തത്വം ഉയര്ന്നത്് നിര്മാണത്തിനു റവന്യു എന്ഒസി ഏര്പ്പെടുത്തുന്നതിന്റെ ഭാഗമായാണ്. പരിസ്ഥിതി ദുര്ബലമായ ഇടുക്കിയിലും വയനാട്ടിലും തദ്ദേശ സ്ഥാപനങ്ങള് പെര്മിറ്റ് നല്കും മുന്പ് ഏകജാലക ക്ലിയറന്സ് പരിഗണിച്ചുകൂടേ എന്ന് മുന്പൊരു കേസില് ഹൈക്കോടതി ചോദിച്ചിരുന്നു. പ്രളയവും ഉരുള്പൊട്ടലും കനത്ത നാശമുണ്ടാക്കിയ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. എന്നാല്, നിലവില് ഏകജാലക ക്ലിയറന്സിനു വ്യവസ്ഥ ഇല്ലാത്തതിനാല് അതിനും ചട്ടഭേദഗതി വേണ്ടിവരും.
റവന്യു, പരിസ്ഥിതി, അഗ്നി സുരക്ഷ, ആര്ട് ആന്ഡ് ഹെറിറ്റേജ്, മലിനീകരണ നിയന്ത്രണ അധികൃതരുടെ ക്ലിയറന്സ് ആണ് ഏകജാലകത്തിലൂടെ നടത്തേണ്ടത്. സംസ്ഥാന, ജില്ലാ തലങ്ങളില് പ്രവര്ത്തിക്കുന്ന ഈ വകുപ്പുകള്ക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തില് ഉദ്യോഗസ്ഥര് ഇല്ലാത്തതു തടസ്സമാകും. ഓരോ ജില്ലയിലുമുള്ള 30 മുതല് 100 വരെ പഞ്ചായത്ത്, നഗരസഭകളിലെ പെര്മിറ്റ് അപേക്ഷകളില് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര് ഇടപെടുന്നതു പ്രായോഗികമല്ലെന്നും അതു തീരുമാനം വൈകിപ്പിക്കുമെന്നും സര്ക്കാര് വിലയിരുത്തുന്നു. നിലവില് അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് രേഖകള് നോക്കി അപേക്ഷ തീര്പ്പാക്കുന്നത്.
https://www.facebook.com/Malayalivartha

























