ഒറ്റ രാത്രിയില് കാട്ടാന നാല് വീടുകളും കൃഷിയും നശിപ്പിച്ചു

വയനാട് പന്തല്ലൂര് കുന്നലാടി, താണിമൂല ഭാഗങ്ങളില് ഒരു മാസമായി കാട്ടാന ശല്യം രൂക്ഷമാണ്. ഒറ്റ രാത്രിയില് കാട്ടാന നാല് വീടുകളുടെ വാതിലുകള് തകര്ക്കുകയും ഒട്ടേറെ കര്ഷകരുടെ കൃഷികള് നശിപ്പിക്കുകയും ചെയ്തു.
കാട്ടാന താണിമൂലയിലെ റെജന്റിന്റെ വീടിന്റെ അടുക്കള വാതില് തകര്ത്തു. ആന വരുന്നത് കണ്ട് റെജന്റ് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. വീടിന് അകത്തുണ്ടായിരുന്ന അരിയും ഭക്ഷ്യ വസ്തുക്കളും തുണിയും ആന തിന്നു തീര്ത്തു. പിന്നീട് രവി, കുര്യന്, വിജയന് എന്നിവരുടെ വീടുകളുടെ വാതിലുകളും തകര്ത്ത് വീടിനകത്തുള്ളവരെ ആക്രമിക്കാന് ശ്രമിച്ചു.
വിവരമറിഞ്ഞ് വനപാലകര് സ്ഥലത്തെത്തി. അവര് നാട്ടുകാരുടെ സഹായത്തോടെ കാട്ടാനയെ തുരത്തി. രാത്രിയില് കാട്ടാനയിറങ്ങിയാല് തുരത്താനായി വനപാലകര് പ്രദേശത്ത് കാവല് ഏര്പ്പെടുത്തിയിട്ടുണ്ട്. കുന്നലാടിയിലെ ഒരു കടയുടെ ഷട്ടറും കാട്ടാന തകര്ത്തു. കടയിലെ സാധനങ്ങള് നശിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ കര്ഷകരുടെ വിളകളും കാട്ടാന നശിപ്പിച്ചു.

അരിയും പലവ്യഞ്ജനങ്ങളും തിന്നു ശീലിച്ച ആന വീടുകള്ക്ക് നേരെയും ആക്രമണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില് കുന്നലാടിയിലെ റേഷന് കടയുടെ ഷട്ടര് തകര്ത്ത് അരി തിന്നു തീര്ത്തിരുന്നു. കാട്ടാനയെ താപ്പാനയുടെ സഹായത്തോടെ വനത്തിലേക്കു തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























