ശരീരോഷ്മാവും നാഡിമിടിപ്പും സാധാരണഗതിയിൽ ; അച്ഛന് കൊല്ലാന് ശ്രമിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനിലയില് പുരോഗതി

കൊച്ചി, അങ്കമാലിയില് അച്ഛന് കൊല്ലാന് ശ്രമിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനിലയില് പുരോഗതി. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് ഇട്ടിരുന്ന ഡ്രെയ്ന് മാറ്റി. കുഞ്ഞിന് നല്കുന്ന ഓക്സിജന്റെ അളവ് കുറച്ചുകൊണ്ട് വരികയാണെന്നും കോലഞ്ചേരി മെഡിക്കല് കോളേജ് പുറത്തുവിട്ട മെഡിക്കല് ബുള്ളറ്റിനില് വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കുഞ്ഞിന് അപസ്മാരം ഉണ്ടായിട്ടില്ല. ശരീരോഷ്മാവും നാഡിമിടിപ്പും സാധാരണഗതിയിലാണ്. കഴിഞ്ഞ ദിവസത്തേക്കാള് കുഞ്ഞ് മുലപ്പാല് കുടിക്കുന്നതായും ദഹനപ്രക്രിയ നടക്കാന് തുടങ്ങിയതായും മെഡിക്കല് ബുള്ളറ്റിനിലുണ്ട്. ഇതെല്ലാം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്.
കുട്ടി ഇപ്പോഴും തീവ്രപരിചരണവിഭാഗത്തില്ത്തന്നെ ചികിത്സയിലാണ്. തലയില് കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞ് കൈകാലുകള് അനക്കാനും തനിയെ മുലപ്പാല് കുടിയ്ക്കാനും തുടങ്ങിയത്.
കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് പെൺകുഞ്ഞിനെ അച്ഛൻ കട്ടിലിലേക്ക് എറിഞ്ഞ് പരുക്കേല്പ്പിച്ചത്. 54 ദിവസം പ്രായമായ പെണ്കുഞ്ഞിനെ അച്ഛന് കാലില് പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിയുകയായിരുന്നു. ബോധം നഷ്ടമായ നിലിയിലാണ് കുഞ്ഞിനെ ആശുപത്രിയില് എത്തിച്ചത്. അച്ഛന് ഷൈജു തോമസ് റിമാന്ഡിലാണ്. കരച്ചില് നിര്ത്തുന്നില്ലെന്ന് പറഞ്ഞാണ് ഇയാള് സ്വന്തം കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. കുഞ്ഞിന്റെ അമ്മ മലയാളിയല്ല. കുട്ടി തന്റേതല്ലെന്ന് സംശയമുണ്ടെന്ന് പറഞ്ഞ് സ്ഥിരമായി മര്ദ്ദിക്കാറുണ്ടെന്നും കുഞ്ഞിന്റെ അമ്മ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























