മക്കളെ ഉപയോഗിച്ച് ബോഡി പെയിന്റിങ്; രഹ്ന ഫാത്തിമക്കെതിരെ ക്രിമിനല് നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്

മക്കളെ ഉപയോഗിച്ച് ബോഡി പെയിന്റിങ് നടത്തുന്ന ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില് രഹ്ന ഫാത്തിമക്കെതിരെ ക്രിമിനല് നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്. പ്രായപൂര്ത്തിയാകാത്ത മക്കളെക്കൊണ്ട് നഗ്നശരീരത്തില് ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില് ക്രിമിനല് നടപടി കൈക്കൊള്ളേണ്ടതാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് കമ്മീഷന് അംഗം കെ. നസീര് വ്യക്തമാക്കി.
വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില് നിന്ന് നീക്കം ചെയ്യുന്നതിന് പൊലീസിന്റെ സൈബര്വിഭാഗം അടിയന്തരനടപടി സ്വീകരിക്കണം. വീഡിയോയില് കാണപ്പെട്ട കുട്ടികളുടെ ജീവിതസാഹചര്യത്തെപ്പറ്റി പത്തനംതിട്ട ജില്ല ശിശു സംരക്ഷണ ഓഫീസര് അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്നും കമ്മീഷന് നിര്ദ്ദേശിച്ചു. കുട്ടികള്ക്ക് ശ്രദ്ധയും പരിരക്ഷയും ആവശ്യമാണോയെന്നും പരിശോധിക്കണം. സ്ത്രീ കുട്ടികളെക്കൊണ്ട് നഗ്നശരീരത്തില് ചിത്രം വരപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ അവര് തന്നെയാണ്പുറത്ത് വിട്ടത്.
പോക്സോ ആക്ടിലെ വിവിധ വകുപ്പുകള് പ്രകാരം കുറ്റകരമായ പ്രവര്ത്തനങ്ങള്ക്ക് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന് വ്യക്തമാക്കി. രഹ്ന ഫാത്തിമയ്ക്കെതിരെ പോസ്കോ അടക്കമുള്ള വകുപ്പുകള് ചുമത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ബാറിലെ അഭിഭാഷകനും ബിജെപി ഒ ബി സി മോര്ച്ച സംസ്ഥാന ജനറല് സെക്രട്ടറിയുമായ അഡ്വ. എ വി അരുണ് പ്രകാശ് ചൊവ്വാഴ്ച തിരുവല്ല പൊലീസില് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























