എസ്എന്ഡിപി യോഗം നേതാവ് കെ.കെ. മഹേശന് യൂണിയന് ഓഫിസില് തൂങ്ങി മരിച്ച നിലയില്

ബിഡിജെഎസ് സംസ്ഥാന ജനറല് സെക്രട്ടറിയും മൈക്രോ ഫിനാന്സ് പദ്ധതി സംസ്ഥാന കോ-ഓര്ഡിനേറ്ററും എസ്എന്ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയുമായ കെ.കെ.മഹേശനെ (54) കണിച്ചുകുളങ്ങര യൂണിയന് ഓഫിസില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി.
മഹേശന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വെള്ളാപ്പള്ളിക്കും കെ.എല്.അശോകനും വേണ്ടി പീഡിപ്പിക്കപ്പെടുന്ന യൂണിയന് നേതാക്കള്ക്കായി ജീവിതം ഹോമിക്കുന്നുവെന്ന്, മൃതദേഹം കണ്ടെത്തിയ മുറിയില് ഒട്ടിച്ച ആത്മഹത്യാ കുറിപ്പില് എഴുതിയിട്ടുണ്ട്.
എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെഴുതിയ കത്തും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐക്കും പ്രത്യേകമായി എഴുതിയ കത്തുകളും സമൂഹ മാധ്യമങ്ങളില് പങ്കുവച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്.
കണിച്ചുകുളങ്ങര ദേവസ്വം, എസ്എന്ഡിപി യോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെപ്പറ്റിയും മറ്റും വെള്ളാപ്പള്ളി നടേശന് എഴുതിയ 32 പേജുള്ള കത്തില് പല ആരോപണങ്ങളുമുണ്ട്. തന്നെ അകാരണമായി കേസില് പ്രതിയാക്കാന് ശ്രമിക്കുന്നുവെന്നു ക്രൈംബ്രാഞ്ച് ഇന്സ്പെക്ടര്ക്കുള്ള കത്തിലും പറയുന്നു. മാവേലിക്കര യൂണിയനിലെ മൈക്രോഫിനാന്സ് പദ്ധതിയുമായി ബന്ധപ്പെട്ട കേസില് ചൊവ്വാഴ്ചയും മഹേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അപ്പോഴും ക്രൈംബ്രാഞ്ച് മേധാവിയെ നേരിട്ടു കാണാന് ഉദ്യോഗസ്ഥര് നിര്ബന്ധിച്ചതായി മഹേശന്റെ കത്തില് പറയുന്നു.
യോഗം ജനറല് സെക്രട്ടറി കണിച്ചുകുളങ്ങര യൂണിയനു നല്കാനുള്ള 37 ലക്ഷത്തിലേറെ രൂപ നല്കാന് എല്ലാവരും അഭ്യര്ഥിക്കണമെന്നും 'ഇഷ്ടമില്ലാത്ത യൂണിയന് നേതാക്കളെ കള്ളക്കേസില് കുടുക്കുന്ന യോഗനേതൃത്വത്തിനും എല്ലാ യൂണിയന് ഭാരവാഹികള്ക്കും വേണ്ടി ജീവന് സമര്പ്പിക്കുന്നു' എന്നുമാണു ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിക്ക് എഴുതിയ കത്തില് പറയുന്നത്.
കണിച്ചുകുളങ്ങര പൊക്ലാശേരിയിലെ വീട്ടില് നിന്ന് ഇന്നലെ രാവിലെ ഏഴിനാണ് മഹേശനെ കാണാതായത്. രാവിലെ 10-ന് ജീവനക്കാരന് എത്തിയപ്പോള് യൂണിയന് ഓഫിസ് അകത്ത് നിന്നു പൂട്ടിയ നിലയിലായിരുന്നു. മാരാരിക്കുളം പൊലീസ് എത്തി വാതില് പൊളിച്ചാണ് മഹേശന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ ഉഷാദേവി മുഹമ്മ എസ്എന്വിഎല്പിഎസില് അധ്യാപികയാണ്. മക്കള്: ഹരികൃഷ്ണന് (അസി. മാനേജര്, കൊച്ചിന് ഷിപ്യാര്ഡ്), ബിനുകൃഷ്ണന്. മരുമകള്: ഡോ. ആതിര.
കെ.കെ.മഹേശന്റെ മരണത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണം. ആത്മഹത്യാ കുറിപ്പുള്ളതിനാലും പലവിധ ചര്ച്ചകളും നടക്കുന്നതിനാലും വസ്തുത പുറത്തു കൊണ്ടുവരണമെന്ന് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
https://www.facebook.com/Malayalivartha

























