സി.പി.എം. നേതാവ് സക്കീര് ഹുസൈന് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 6 മാസം സസ്പെന്ഷന്

സി.പി.എം. കളമശേരി ഏരിയാ സെക്രട്ടറി വി.എ. സക്കീര്ഹുസൈനെ പാര്ട്ടി സസ്പെന്ഡ് ചെയ്തു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില് ആറുമാസത്തേക്കാണ് നടപടി.
സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച ചേര്ന്ന് നടപടിക്ക് അംഗീകാരം നല്കുന്നതോടെ പാര്ട്ടി നടപടിക്രമം പൂര്ത്തിയാവും. ഒരുവര്ഷം മുമ്പ് കളമശേരിയിലെ ബ്രാഞ്ച് സെക്രട്ടറിയായ കെ.കെ. ശിവന് നല്കിയ പരാതിയിലാണു പാര്ട്ടി നിയോഗിച്ച കമ്മിഷന് സക്കീര് ഹുസൈന്റെ സാമ്പത്തിക ഇടപാടുകള് അന്വേഷിച്ചത്.
എല്.ഡി.എഫ്. കണ്വീനര് എ. വിജയരാഘവന്, വനിതാ കമ്മിഷന് ചെയര്പഴ്സണ് എം.സി. ജോസഫൈന്, മുന് സ്പീക്കര് കെ. രാധാകൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലത്തെ സെക്രട്ടേറിയറ്റ് യോഗം. ജില്ലാ കമ്മിറ്റിയില് സക്കീര് ഹുസൈനെ അനുകൂലിക്കുന്നവര് ഇന്നലെ ഇതുസംബന്ധിച്ച ചര്ച്ച ആവശ്യപ്പെടുമെന്നു സൂചനയുണ്ടായിരുന്നു. ഇക്കാരണത്താലാണ് സി.പി.എമ്മിന്റെ മൂന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങള് ഇന്നലത്തെ സെക്രട്ടേറിയറ്റ് യോഗത്തില് പങ്കെടുത്തത്.
സക്കീര് ഹുസൈനെ ജില്ലാ കമ്മിറ്റി ഓഫീസില് വിളിച്ചുവരുത്തിയാണ് സസ്പെന്ഡ് ചെയ്യാനുള്ള തീരുമാനം അറിയിച്ചത്. ഇതോടെ, അടുത്ത ഡിസംബര്വരെ പാര്ട്ടി പ്രാഥമികാംഗത്വം സക്കീര് ഹുസൈന് നഷ്ടമായി. ശനിയാഴ്ച ചേരുന്ന കളമശേരി ഏരിയാ കമ്മിറ്റി യോഗം പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും.
അനധികൃത സ്വത്ത് സമ്പാദന കേസില് സി.എം. ദിനേശ്മണി, പി.ആര്. മുരളീധരന് എന്നിവരടങ്ങിയ കമ്മിഷനാണ് അന്വേഷണം നടത്തിയത്. അതിനിടെ, പ്രളയ ഫണ്ട് തട്ടിപ്പ് കേസിനെത്തുടര്ന്ന് ഒരു ലോക്കല് കമ്മിറ്റി അംഗം ആത്മഹത്യ ചെയ്ത സംഭവത്തില് സക്കീര് ഹുസൈന്റെ പേര് പരാമര്ശിക്കപ്പെട്ടത് വിവാദമായിരുന്നു. ആത്മഹത്യാക്കുറിപ്പില് സക്കീര് ഹുസൈന്റെ പേര് എഴുതിയ സംഭവത്തിന്മേല് പാര്ട്ടി മറ്റൊരു കമ്മിഷനെവച്ച് അന്വേഷിക്കുകയാണ്. ആ കമ്മിഷന്റെ റിപ്പോര്ട്ട് പൂര്ത്തിയായിട്ടില്ല. പ്രളയ ദുരിതാശ്വാസ ഫണ്ടില്നിന്നു രണ്ട് സി.പി.എം. നേതാക്കളുടെ അക്കൗണ്ടുകള് വഴി 27.73 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.
ഏതാനുംവര്ഷം മുമ്പ് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില് പാര്ട്ടി സക്കീറിനെതിരേ അന്വേഷണം നടത്തിയെങ്കിലും എളമരം കരീം അധ്യക്ഷനായ കമ്മിഷന് കുറ്റവിമുക്തനാക്കുകയാണു ചെയ്തത്.
https://www.facebook.com/Malayalivartha

























