സി.പി.എം. നോമിനി ബാലാവകാശ കമ്മിഷന് അധ്യക്ഷന്, കമ്മിഷന് ചെയര്മാനായി പരിഗണിക്കുന്നതിനുള്ള യോഗ്യതയില് ഇളവു വരുത്തിയെന്ന് ആക്ഷേപം

സി.പി.എം. നോമിനിയായ കെ.വി. മനോജ് കുമാറിനു സംസ്ഥാന ബാലാവകാശ കമ്മിഷന് അധ്യക്ഷപദവി. രണ്ടു ജില്ലാ ജഡ്ജിമാരെയും നിരവധി ബാലാവകാശ പ്രവര്ത്തകരെയും മറികടന്നാണ് നിയമനം. യോഗ്യതയായി കണക്കിലെടുത്തത് തലശേരി ബ്രണ്ണന് ഹൈസ്കൂളിലെ അധ്യാപക-രക്ഷാകര്തൃ സമിതിയിലെ പ്രവര്ത്തനം.
ആരോഗ്യം-സാമൂഹികനീതി വകുപ്പു മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിലുള്ള പാനലിന്റെ അഭിമുഖം കഴിഞ്ഞപ്പോള്, അതുവരെ ചുരുക്കപ്പട്ടികയില് 27-ാമതായിരുന്ന മനോജ് കുമാര് ഒന്നാമനായി. മൂന്നു വര്ഷത്തേക്കുള്ള നിയമനത്തിന് ഇന്നലെ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചു. തലശേരിയിലെ സി.പി.എം. നേതാവായിരുന്ന കെ.വി. ബാലന്റെ മകനാണ് അഡ്വ. മനോജ് കുമാര്. നേരത്തേ സഹകരണ ഓംബുഡ്സ്മാനായിരുന്നു.
ചീഫ് സെക്രട്ടറി പദവിയില് ശമ്പളത്തിനു പുറമേ ഔദ്യോഗിക വാഹനം, വീട് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. കമ്മിഷന് ചെയര്മാനായി പരിഗണിക്കുന്നതിനുള്ള യോഗ്യതയില് ഇളവു വരുത്തിയത് മനോജ് കുമാറിനെ തിരുകിക്കയറ്റാന് വേണ്ടിയായിരുന്നെന്നു നേരത്തേ ആക്ഷേപമുയര്ന്നിരുന്നു.
വിദ്യാഭ്യാസ അവകാശ നിയമം, ബാല നീതി, പോക്സോ തുടങ്ങിയ മേഖലകളില് അറിവും പരിചയവുമുള്ള, പോക്സോ കേസുകളിലെ വിധികളിലൂടെ ശ്രദ്ധേയനായ കാസര്ഗോഡ് ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്, തലശേരി ജില്ലാ ജഡ്ജി ടി. ഇന്ദിര, നിലവില് കമ്മിഷനംഗമായ ഡോ: എം.പി. ആന്റണി, അര ഡസനോളം ബാലാവകാശ പ്രവര്ത്തകര് എന്നിവരെല്ലാം അഭിമുഖത്തില് പിന്തള്ളപ്പെട്ടു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം നിരവധിപ്പേര് നിയമനം രാഷ്ട്രീയവല്ക്കരിക്കുന്നതിനെതിരേ മുഖ്യമന്ത്രിക്കും മറ്റും നിവേദനം നല്കിയിരുന്നു. നിയമനം കോടതിയില് ചോദ്യംചെയ്യപ്പെട്ടാലും പേഴ്സണ് ഓഫ് എമിനന്സ് എന്നാണ് മാനദണ്ഡമെന്നു ചൂണ്ടിക്കാട്ടി സര്ക്കാരിനു വ്യാഖ്യാനിക്കാന് പഴുത് ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























